ഡി.വൈ.എസ്.പി.യുടെ പീഢനത്തിൽ മനം നൊന്ത് വിരമിക്കാൻ അപേക്ഷ നൽകി എസ്.ഐ.

ഡി.വൈ.എസ്.പി.യുടെ പീഢനത്തിൽ മനം നൊന്ത് വിരമിക്കാൻ അപേക്ഷ നൽകി എസ്.ഐ.

സ്വന്തം ലേഖകൻ
കണ്ണൂർ : മേലധികാരി മാനസികമായി പീഡിപ്പിക്കുന്നുവെന്നും ജോലിയിൽനിന്ന് സ്വയം വിരമിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സബ് ഇൻസ്പെക്ടറുടെ അപേക്ഷ.
മേയിൽ സർവീസിൽനിന്നു വിരമിക്കേണ്ട ഇരിക്കൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. പുരുഷോത്തമനാണു പീഡനത്തെത്തുടർന്നു നേരത്തേ വിരമിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്. ഇരിട്ടി ഡിവൈ.എസ്.പിക്കെതിരേയാണ് എസ്.ഐ. ആരോപണമുന്നയിച്ചിരിക്കുന്നത്. നിരപരാധിയെ കേസിൽ കുടുക്കാൻ ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. പീഡിപ്പിക്കുന്നതായും അന്യായമായ സ്ഥലംമാറ്റത്തിനു വിധേയമാക്കിയെന്നുമാണ് ആരോപണങ്ങൾ.
വയർലെസ് സന്ദേശത്തിലൂടെ ഡിവൈ.എസ്.പിയുടെ പരസ്യശാസന ഏറ്റുവാങ്ങിയ സബ് ഇൻസ്പെക്ടർ ആത്മഹത്യചെയ്യുമെന്ന് സഹപ്രവർത്തകരോട് പറഞ്ഞു സ്റ്റേഷൻ വിട്ടിറങ്ങിയിരുന്നു. വഴിയിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ പിന്നീട് ബന്ധുക്കളാണ് ആശുപത്രിയിൽനിന്നു കണ്ടെത്തിയത്. മാനസികസമ്മർദം കാരണം ബന്ധുക്കളുടെയും ഭാര്യയുടെയും അഭിപ്രായപ്രകാരമാണ് വിരമിക്കൽ അപേക്ഷ. സംഭവം സേനക്കുള്ളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംഭവത്തിൽ പ്രതിഷേധമുണ്ട്.
1985ൽ കണ്ണൂർ എ. ആർ. ക്യാമ്പിൽ ജോലിയിൽ പ്രവേശിച്ച പുരുഷോത്തമൻ 12 വർഷത്തെ സേവനത്തിനു ശേഷം 1997ലാണ് ലോക്കൽ സ്റ്റേഷനിലെത്തിയത്. 2018 ഏപ്രിൽ മുതൽ ഇരിക്കൂർ സ്റ്റേഷനിൽ എസ്.ഐ.യാണ്. സ്റ്റേഷനിൽ ലഭിച്ച റോഡ് സംബന്ധിച്ച ഒരു പരാതിയിലും മണൽക്കേസിലും നിരപരാധിയെ പ്രതിചേർക്കണമെന്ന ഇരിട്ടി ഡിവൈ.എസ്.പി.യുടെ നിയമവിരുദ്ധമായ ഉത്തരവ് നടപ്പാക്കിയാൽ നിയമനടപടികൾ നേരിടേണ്ടിവരും എന്നുള്ളതിനാൽ അതു നടപ്പാക്കാൻ തനിക്ക് സാധിച്ചില്ലെന്നും അതിന് വകുപ്പ് തല നടപടികൾ നേരിടുകയാണെന്നും വിരമിക്കൽ അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്.