
സ്വന്തം ലേഖകൻ
ഹരിപ്പാട്: എസ്എഫ്‌ഐ ഏരിയ പ്രസിഡന്റായ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്ത്തി മര്‍ദിച്ചതായി പരാതി. ആക്രമണത്തിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം കുമാരപുരം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍പഴ്‌സന്‍ കൂടിയായ ചിന്നുവാണ് ആക്രമണത്തിന് ഇരയായത്. ഇവര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോശമായ പെരുമാറ്റത്തിന്റെ പേരില്‍ ചിന്നുവും മറ്റു ചില പെണ്‍കുട്ടികളും അമ്പാടി ഉണ്ണിക്കെതിരെ ഹരിപ്പാട് ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വം മൂന്നംഗ കമ്മിഷനെ വച്ച് തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ചിന്നുവിനെതിരെ ആക്രമണമുണ്ടായത്.
ഹരിപ്പാട് നാരകത്തറ ജങ്ഷനില്‍ ഇന്നു വൈകിട്ട് നാലരയോടെയാണ് ചിന്നുവിനെതിരെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മര്‍ദിച്ചെന്നാണ് പരാതി.
അമ്പാടി ഉണ്ണിക്ക് വിവാഹമാലോചിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ, അപമര്യാദയായി പെരുമാറിയ സംഭവം ചിന്നു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അറിയിച്ചെന്ന സംശയവും ആക്രമണത്തിനു കാരണമായെന്നു പറയുന്നു.