ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടി ; രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മറ്റുപാർട്ടിക്കാർ ചെയ്തതാണെന്ന ന്യായീകരണവുമായി പാർട്ടി നേതൃത്വം
സ്വന്തം ലേഖകൻ
കുമ്പള : ഡി.വൈ.എഫ്.ഐ.നേതാവിന്റെ വീട്ടിൽ നിന്നും പൊലീസ് നാലുകിലോ കഞ്ചാവ് പിടികൂടി. ഉപ്പള സോങ്കാൽ പ്രതാപ് നഗറിൽ താമസിക്കുന്ന ഡി.വൈ.എഫ്.ഐ മംഗൽപാടി വില്ലേജ് സെക്രട്ടറിയായ റഫീഖിന്റെ(34) വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
വീടിന്റെ അടുക്കളഭാഗത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. കാസർകോട് ഡിവൈ.എസ്പി. പി.സദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെ തുടർന്ന് പ്രതി ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പൊലീസ് എത്തുന്നതിന് തൊട്ടുമുൻപായി റഫീഖ് വീട്ടിൽനിന്ന് പുറത്ത് പോയതായി വീട്ടുകാർ പറഞ്ഞു.
എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാൽ, രാഷ്ട്രീയവൈരാഗ്യം തീർക്കുന്നതിനായി മറ്റു പാർട്ടിയിലുള്ളവർ മനഃപൂർവം കുടുക്കാൻ ശ്രമിച്ചതാണെന്നാണ് ഡിവൈഎഫ്‌ഐ. നേതൃത്വം വിശദീകരണം നൽകിയിരിക്കുന്നത്.
സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യവുമായി റഫീഖിന്റെ കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്. കുമ്പള ഇൻസ്‌പെക്ടർ എ.അനിൽകുമാർ, എസ്‌ഐ. ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്.