
അയ്മനത്ത് ഡിവൈ.എഫ്.ഐ നേതാവിനെ ഗുണ്ടാ സംഘം വീടിനു മുന്നിലിട്ട് ക്രൂരമായി വെട്ടി: ഡിവൈ.എഫ്.ഐ പ്രവർത്തകന്റെ വീട് അടിച്ചു തകർത്തു; ക്രിസ്മസ് രാത്രിയിൽ അയ്മനത്ത് അഴിഞ്ഞാടി വിനീത് സഞ്ജയന്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ അക്രമി സംഘം
ക്രൈം ഡെസ്‌ക്
കോട്ടയം: അയ്മനത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ വീടിനു മുന്നിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച ഗുണ്ടാ സംഘം, മറ്റൊരു ഡിവൈ.എഫ്.ഐ പ്രവർത്തന്റെ വീട് അടിച്ചു തകർത്തു. ഡിവൈ.എഫ്.ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിന്റെ തുടർച്ചയായാണ് പതിനഞ്ചോളം വരുന്ന ഗുണ്ടാ അക്രമി സംഘം അയ്മനം പ്രദേശങ്ങളിൽ അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആക്രമികളുടെ വെട്ടേറ്റ് കാലിനു പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം പ്രതികൾ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് മോഷ്ടിക്കുകയും ചെയ്തു.
ഡിവൈ.എഫ്.ഐ ഒളശ യൂണിറ്റ് പ്രസിഡന്റ് ഒളശ അമിക്കാരിയിൽ വീട്ടിൽ നിധീഷ് രാജ് (26), പ്രവർത്തകൻ ശ്രീവത്സം വീട്ടിൽ അരുൺ ദാസ് (26) എന്നിവർക്കാണ് വെട്ടേറ്റത്. നിധീഷിന്റെ രണ്ടു കാലിലും വെട്ടിയ പ്രതികൾ, അതുലിന്റെ തല അടിച്ച് തകർക്കുകയും ചെയ്തു. ഡിവൈ.എഫ്.ഐ പ്രവർത്തകനായ ഒളശ പാഞ്ചേരിയിൽ വീട്ടിൽ അതുൽ പി.ബിജുവിന്റെ (26) വീട് അക്രമി സംഘം അടിച്ചു തകർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ് ദിനത്തിൽ രാത്രി ഒന്നരയോടെയായിരുന്നു അക്രമി സംഘം അയ്മനം പ്രദേശത്ത് അഴിഞ്ഞാടിയത്. നേരത്തെ വിനീത് സഞ്ജയനും പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഡിവൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ച് കേസിൽ നേരത്തെ വിനീത് സഞ്ജയനെയും ഇയാളുടെ ഗുണ്ടാ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ വിനീത് പ്രദേശത്ത് വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ക്രിസ്മസ് ദിനത്തിൽ രാത്രിയോടെ പ്രദേശത്ത് എത്തിയ വിനീത് സഞ്ജയൻ ആദ്യം ചെങ്ങളം കളപ്പുരയ്ക്കൽ പനഞ്ചേരിൽ ബൈജുവിന്റെ വീട് കയറി ആക്രമിക്കുകയായിരുന്നു. ബൈജുവിന്റെ മകൻ അതുൽ പി.ബൈജു ഡിവൈ.എഫ്.ഐ പ്രവർത്തകനാണ്. ഇവിടെ എത്തിയ വിനീത് സഞ്ജയനും പതിനഞ്ചോളം വരുന്ന ഗുണ്ടകളും ചേർന്ന് അസഭ്യം വിളിക്കുകയും പെട്രോൾ ബോംബ് കാട്ടി ഭീഷണി മുഴക്കുകയും, വടിവാൾ ചുഴറ്റുകയും മറ്റും ചെയ്തു. തുടർന്ന് വീടിൻറെ ജനൽ ചില്ലുകളും കതകും അക്രമി സംഘം അടിച്ചു തകർത്തു. വീടിനുള്ളിലേക്കു പടക്കം എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്്ടിക്കുകയും ചെയ്തു.
ഇവിടെ നിന്നും അക്രമി സംഘം മടങ്ങുന്നതിനിടെയാണ് നിധീഷും അരുണും അക്രമികളുടെ മുന്നിൽപ്പെട്ടത്. അതുലിന്റെ വീട്് ഗുണ്ടാ സംഘം അടിച്ചു തകർത്ത വിവരം അറിഞ്ഞു ഇവിടേയ്ക്കു പോകുന്നതിനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ അക്രമി സംഘം ഇരുവരെയും ഇടിച്ചു താഴെയിട്ടു. തുടർന്ന് വടിവാളും മാരകായുധങ്ങളുമായി നിധീഷിനെയും അരുണിനെയും ആക്രമിക്കുകയായിരുന്നു. ഇരുവരും വെ്‌ട്ടേറ്റ് വീണതിനു പിന്നാലെ പ്രതികൾ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുമായി സ്ഥലം വിട്ടു.
നിധിന്റെ കാലിന് മാരകമായി പരിക്കേറ്റിട്ടുണ്ട്. ഒരു കാലിലെ ഞരമ്പ് അറ്റുതുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിധിനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. രാത്രിയോടെ വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
നിധീഷിനെ വെട്ടിയ കേസിൽ കൊലപാതശ്രമത്തിനാണ് വിനിതീനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട് ആക്രമിച്ച കേസിൽ കുമരകം പോലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ പിടികൂടുന്നതിനായി കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.