കൊവിഡ് കേന്ദ്രത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ;പരാതി ഒതുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കി; 3 വർഷം ഒളിവിൽ കഴിഞ്ഞ മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: കൊവിഡ് കേന്ദ്രത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി. മൂഴിയാർ സ്വദേശി എംപി പ്രദീപ്(36)നെ ദില്ലിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2020 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ടര മാസം തുടർച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടർക്കാണ് യുവതി പരാതി നൽകിയത്. കലക്ടർ ഇത് എസ്പിക്ക് കൈമാറുകയും മൂഴിയാർ പൊലീസ് കേസെടുക്കുകയുമായിരുന്നു. പീഡന പരാതി വരുമ്പോൾ സിപിഎം ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ് ഐ മേഖലയാ സെക്രട്ടറിയുമായിരുന്നു മനു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾക്കെതിരേ പരാതി ഉയർന്നതോടെ പാർട്ടി നേതൃത്വം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും കൂടിയായിരുന്നു മനു.
ആങ്ങമൂഴിയിൽ മാർത്തോമ്മ സഭയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് കോവിഡ് ക്വാറന്റൈൻ സെന്റർ പ്രവർത്തിച്ചിരുന്നത്. ഇവിടെ വോളന്റിയറായിരുന്നു മനു. ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ ഒരാൾ പോസിറ്റീവ് ആയപ്പോൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം മനുവും യുവതിയും ക്വാറന്റൈനിലായി.
സെന്ററിന്റെ ഒന്നാം നിലയിൽ വ്യത്യസ്ത മുറികളിലാണ് രണ്ടു പേരും കഴിഞ്ഞത്. ഇവിടെ വച്ച് മനു യുവതിയുമായി അടുപ്പത്തിലായി. വിവാഹവാഗ്ദാനം ചെയ്തതോടെ രണ്ടു പേരും ഒരു മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഈ നിലയിൽ തന്നെ ഒരു മുറി മനു സ്വന്തമാക്കി വച്ചിരുന്നു. രാത്രികാലങ്ങളിൽ ഇവിടെയാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഒരേ നാട്ടുകാർ ആയിരുന്നിട്ടും മനു വിവാഹിതനാണ് എന്ന കാര്യം യുവതിക്ക് അറിയുമായിരുന്നില്ല. അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്.
യുവതിയുടെ നീക്കം മണത്തറിഞ്ഞ മനു ഒളിവിൽ പോവുകയും ചെയ്തു. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കുറിച്ച് സൂചനയൊന്നുമില്ലായിരുന്നു.
ഫോണും സോഷ്യൽ മീഡയയുമൊക്കെ ഉപേക്ഷിച്ചാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതിയെ കണ്ടുപിടിക്കാൻ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇവർ നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി ഡൽഹിയിലുണ്ടെന്ന് മനസിലാക്കിയത് . തുടർന്ന് പൊലീസ് സംഘം രഹസ്യമായി അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.