video
play-sharp-fill

മദ്യലഹരിയിൽ ഡിവൈഎഫ്.ഐ പ്രവർത്തകർ കുടുംബത്തെ ആക്രമിച്ചു: തടയാനെത്തിയ പൊലീസിനും തല്ല്; പ്രതികളെ പൊലീസ് ജീപ്പിൽ നിന്നും പിടിച്ചിറക്കി സഖാക്കളുടെ ഹീറോയിസം; ഒടുവിൽ ഒരാളെ അകത്താക്കി , ഒൻപത് പേർക്കെതിരെ കേസെടുത്തു

മദ്യലഹരിയിൽ ഡിവൈഎഫ്.ഐ പ്രവർത്തകർ കുടുംബത്തെ ആക്രമിച്ചു: തടയാനെത്തിയ പൊലീസിനും തല്ല്; പ്രതികളെ പൊലീസ് ജീപ്പിൽ നിന്നും പിടിച്ചിറക്കി സഖാക്കളുടെ ഹീറോയിസം; ഒടുവിൽ ഒരാളെ അകത്താക്കി , ഒൻപത് പേർക്കെതിരെ കേസെടുത്തു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മദ്യലഹരിയിൽ നടുറോഡിൽ കുടുംബത്തെ തല്ലിച്ചതച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ. ബൈക്കിൽ കാർ തട്ടിയെന്നാരോപിച്ചായിരുന്നു പുതുപ്പള്ളി പള്ളിയ്ക്ക് മുന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. കുടുംബത്തെ ആക്രമിച്ച കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ ജീപ്പിനുള്ളിൽ നിന്നും, നാട്ടുകാർ നോക്കി നിൽക്കെ പുറത്തിറക്കിക്കൊണ്ടു വന്ന് സഖാക്കളുടെ ഹീറോയിസം. ഒടുവിൽ ഒരു പ്രതിയെ സാഹസികമായി പിടികൂടിയ പൊലീസ് , ബാക്കിയുള്ള ഒൻപത് പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പള്ളിയിലെ ഓട്ടോ ഡ്രൈവറും ഡിവൈഎഫ്‌ഐയുടെ ശക്തികേന്ദ്രമായ കുന്നേപ്പറമ്പ് സ്വദേശിയുമായ രാജേഷിനെ (32) ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി എട്ടരയോടെ പുതുപ്പള്ളി പള്ളിയ്ക്ക് മുന്നിലായിരുന്നു സംഭവങ്ങൾ. പുതുപ്പള്ളി ഭാഗത്തു നിന്നും കൊല്ലാട് ഭാഗത്തേയ്ക്ക് വരികയായിരുന്നു റിട്ട.എസ്.ഐ ജോസഫും കുടുംബവും സഞ്ചരിച്ച കാർ. കാർ പുതുപ്പള്ളി പള്ളി ഭാഗത്ത് എത്തിയപ്പോഴാണ് റോഡിനു നടുവിൽ ഒരു ബൈക്ക് മറിഞ്ഞു കിടക്കുന്നത് ജോസഫും കുടുംബവും കണ്ടത്. തുടർന്ന് ഇവർ കാർ നിർത്തി റോഡിലിറങ്ങി പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ തയ്യാറായി. ബൈക്ക് എടുത്ത് പോകാൻ ശ്രമിച്ചവരെ ജോസഫും കുടുംബവും തടഞ്ഞു. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ട സഹായം ചെയ്യാമെന്ന് ഇവർ വാഗ്ദാനവും ചെയ്തു. എന്നാൽ, ഇതിനൊന്നും തയ്യാറാകാതിരുന്ന യുവാക്കൾ ജോസഫിനോടും കുടുംബത്തോടും തട്ടിക്കയറുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന ഇവർ തങ്ങളുടെ ബൈക്കിൽ ഇടിച്ചതിനു നഷ്ടപരിഹാരം നൽകണമെന്ന് ജോസഫിനോടും കുടുംബത്തോടും ആവശ്യപ്പെട്ടു എന്നാൽ, ഇവർ ഇതിനു തയ്യാറാകാതെ വന്നതോടെ മദ്യലഹരിയിൽ അക്രമി സംഘം ജോസഫിനെയും കുടുംബത്തെയും ആക്രമിച്ചു. ഇതോടെ ജോസഫ് പൊലീസ് സംഘത്തെ വിവരം അറിയിച്ചു.
പുതുപ്പള്ളിയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഇതിനിടെ സ്ഥലത്ത് എത്തി. മദ്യലഹരിയിൽ റോഡിൽ വീണ യുവാക്കളെ പൊലീസ് സംഘം വാഹനത്തിൽ കയറ്റുകയും ചെയ്തു. എന്നാൽ, യുവാക്കൾ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ എട്ടംഗ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസുകാരെ തള്ളിമാറ്റി, ജീപ്പ് തുറന്ന് ബൈക്കിലെത്തിയ യുവാക്കളെ പിടിച്ച് പുറത്തിറക്കി കൊണ്ടു പോകുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഈസ്റ്റ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പുതുപ്പള്ളിയിലെ ഡിവൈഎഫ്‌ഐയുടെ കോട്ടയായ കുന്നേപ്പറമ്പിൽ എത്തി. ഇവിടെ എത്തിയ പൊലീസ് സംഘത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. തുടർന്നു പൊലീസ് സംഘം കുന്നേപ്പറമ്പ് കോളനിയിൽ എത്തി  അക്രമി സംഘത്തിൽ ഒരാളായ രാജേഷിനെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിലെെത്തിച്ചിട്ടും പ്രതി പൊലീസിനെ ഭീഷണിപ്പെടുുുത്തുകയും അക്രമവും തുടർന്നു.കുടുംബത്തെ ആക്രമിച്ചതിനും, സ്ത്രീത്വത്തെ അപമാനിച്ചതിനും, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. പിടിയിലായ രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്ത് പേർക്കെതിരെ കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഇനി ഒൻപത് പ്രതികളെ കൂടി പിടികൂടാനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group