
ഭരണമുണ്ടെങ്കിൽ എന്ത് തോന്ന്യാസവും കാണിക്കാമെന്ന് DYFI .എസ്ഐയെ ജീപ്പിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കാൻ ശ്രമിച്ച കുട്ടിസഖാക്കൾ അറസ്റ്റിൽ.
സ്വന്തംലേഖകൻ
പുളിക്കീഴ്; രാത്രി പട്രോളിങ്ങിനിടെ പൊലീസ് സംഘത്തിനു നേരേ ആക്രമണം നടത്തിയ നാലു ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാന്നാർ പാവുക്കര സാജൻ സദനത്തിൽ സോജൻ സൈമൺ (അഗസ്റ്റിൻ-27), കുരട്ടിശ്ശേരി വെളുത്തേടത്ത് പ്രവീൺ കുമാർ (24), പാവുക്കര പതിനാലു പറയിൽ സാം ക്രിസ്റ്റി (26), പരുമല കടവ് പുതുവൽ പുത്തൻവീട്ടിൽ കെബിൻ കെന്നഡി (25) എന്നിവരെയാണ് സിഐ എസ്.എസ്.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇവർ ഡിവൈഎഫ്ഐ പ്രവർത്തകർ ആണെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 11.30ന് പരുമല ആശുപത്രിക്കു മുൻപിലായിരുന്നു സംഭവം.അറസ്റ്റിലായ പ്രതികളിൽ ഒരാളായ സോജൻ സൈമൺ മാന്നാർ സ്റ്റേഷനിൽ 3 കേസിൽ പ്രതിയാണ്. പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ, പുളിക്കീഴ് സ്റ്റേഷനിലെ എഎസ്ഐ അജയൻ പി.വേലായുധൻ, ഹോം ഗാർഡ് വിജയൻ എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്.ആശുപത്രിക്കു മുൻപിൽ കൂടിനിൽക്കുന്ന സംഘത്തെ കണ്ട് വിവരം തിരക്കുകയും വീട്ടിൽ പോകാൻ പറയുകയും താക്കീത് നൽകി. അര മണിക്കൂറിനുശേഷം പൊലീസ് സംഘം വീണ്ടുമെത്തിയപ്പോഴും ഇവർ അവിടെ ഉണ്ടായിരുന്നു. ഇവിടെ കൂടിനിൽക്കാതെ വീട്ടിൽ പോകണമെന്നും ശാസിച്ച് പറഞ്ഞയുടനെ പൊലീസ് വാഹനം തടയുകയും എഎസ്ഐയെ ജീപ്പിൽ നിന്നു ബലമായി വലിച്ചിറക്കുകയും ചെയ്തു. മർദ്ദിക്കാൻ ശ്രമം നടക്കുകയും ചെയ്തു.അക്രമത്തിനിടെ മറ്റൊരു കാർ അതുവഴി വന്നതോടെ ഇവരുടെ ശ്രദ്ധ തിരിയുകയും എഎസ്ഐ ജീപ്പിൽ കയറി ആശുപത്രിയിലേക്ക് ഓടിച്ചുപോകുകയും ചെയ്തു. പിന്തുടർന്നെത്തിയ പ്രതികൾ വീണ്ടും വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും എസ്ഐയെ മോചിപ്പിക്കുകയുമായിരുന്നു.