സ്വര്‍ണ്ണം പൂശിയ ദ്വാരപാലക ശില്‍പങ്ങള്‍ ഒക്ടോബര്‍ 17 ന് പുനഃസ്ഥാപിക്കും; തീരുമാനമറിയിച്ച് ദേവസ്വം ബോര്‍ഡ്

Spread the love

അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനമെടുത്ത് ദേവസ്വം ബോര്‍ഡ്. ഒക്ടോബര്‍ 17നായിരിക്കും ശില്‍പം പുനഃസ്ഥാപിക്കുക. ശില്‍പങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി അനുമതി ലഭിച്ചെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

സെപ്തംബര്‍ എട്ടിനായിരുന്നു ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോയത്, 21ന് തിരികെയെത്തിച്ചു. നിലവില്‍ ദ്വാരപാലക ശില്‍പം സന്നിധാനത്തെ ദേവസ്വം സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണ്ണപ്പാളി ഇളക്കിമാറ്റിയതില്‍ ഹെെക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. 2019ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണപ്പാളി വയ്ക്കാനായി കൊണ്ടുപോകുന്നതിന് മുന്‍പ് 42 കിലോ 800 ഗ്രാം ആയിരുന്നു ലോഹത്തിന്റെ ഭാരം.

ഒന്നേകാല്‍ മാസത്തിന് ശേഷം ഭാരം 38 കിലോ 258 ഗ്രാമായി. 4 കിലോ 451 ഗ്രാം ഭാരം കുറഞ്ഞു. 2019-ന് മുന്‍പും സ്വര്‍ണാവരണമുളള പാളിയാണ് അതെന്നായിരുന്നു രേഖകള്‍ പരിശോധിച്ച ശേഷം ഹൈക്കോടതിയുടെ നിരീക്ഷണം. ഈയമാണെങ്കില്‍ ഭാരം കുറയുന്നത് മനസിലാക്കാമെന്നും ലോഹത്തിന്റെ ഭാരം എങ്ങനെയാണ് കുറഞ്ഞതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഹത്തിന്റെ ഭാര നഷ്ടം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ വിശദമായി പരിശോധിച്ച്‌ മൂന്നാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സഹകരിക്കണം. സത്യം വെളിച്ചം കാണട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.