
റായ്ബറേലി: ഉത്തരേന്ത്യൻ വിവാഹങ്ങളില്‍ മിക്കവാറും വരൻ വലിയ ഘോഷയാത്രയായിട്ടാണ് വധുവിന്റെ വീട്ടില്‍ എത്താറുള്ളത്. വലിയ അലങ്കാരവും ആള്‍ക്കൂട്ടവും ഒക്കെയുള്ള ഈ ഘോഷയാത്രയ്ക്ക് വിവാഹ ചടങ്ങില്‍ വലിയ പ്രാധാന്യവും ഉണ്ട്.
എന്നാല്‍, ഈ വിവാഹത്തിന് ഘോഷയാത്ര വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ആകെ പ്രശ്നമായത്. പിന്നെ പൊലീസിനെ വരെ വിളിക്കുന്നിടത്താണ് കാര്യങ്ങള്‍ എത്തിയത്.
ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം നടന്നത്. വിവാഹ ഘോഷയാത്രയില്‍ എത്തിയിരുന്നത് നേരത്തെ വിവാഹം ഉറപ്പിച്ച വരനായിരുന്നില്ല എന്ന് കണ്ടതോടെ പൊലീസിനെ വിളിക്കുകയും വിവാഹം നിർത്തി വയ്ക്കുകയും ചെയ്യുകയായിരുന്നു.
മില്‍ ഏരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രഘൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സുനില്‍ കുമാർ എന്ന യുവാവ് തന്റെ സഹോദരിയുടെ വിവാഹത്തിന് വേണ്ടി വലിയ ഒരുക്കങ്ങള്‍ തന്നെയാണ് നടത്തിയിരുന്നത്. ഝജ്ജാർ ജില്ലയിലെ ജുജ്നു ഗ്രാമത്തില്‍ നിന്നായിരുന്നു വരൻ. അങ്ങനെ, വരനുമായുള്ള വിവാഹ ഘോഷയാത്ര വീട്ടിലെത്തുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, വരനെ കണ്ടതോടെ സുനില്‍ കുമാറും കുടുംബവും എല്ലാം ഞെട്ടിപ്പോയി.
സഹോദരിക്ക് വിവാഹം ഉറപ്പിച്ചത് 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഒരു യുവാവുമായിട്ടാണ്. എന്നാല്‍, വിവാഹം കഴിക്കാനായി എത്തിയ വരനാവട്ടെ ഒരു 40 -കാരനും. ഇതോടെ ആകെ പ്രശ്നമായി. വിവാഹത്തിന്റെ ഇടനിലക്കാരനോട് ചോദിച്ചപ്പോള്‍ വരന് കാലിന് പരിക്കേറ്റ് കിടക്കുകയാണ് എന്നും അതിനാലാണ് വിവാഹം കഴിക്കാൻ ഇയാള്‍ എത്തിയത് എന്നുമുള്ള വിചിത്രമായ ന്യായീകരണമാണ് നല്‍കിയത്.
ഇതോടെ ആകെ പ്രശ്നമായി. സുനില്‍ കുമാർ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. അതോടെ വിവാഹം മുടങ്ങി. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തി ഈ വ്യാജവരനെ അവിടെ നിന്നും കൊണ്ടുപോവുകയായിരുന്നു. ഇടനിലക്കാരനടക്കം മൂന്ന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തതായി മില്‍ ഏരിയ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് സിംഗ് പറഞ്ഞു