വ്യാജ നിയമന ഉത്തരവ്‌ നൽകി പണം തട്ടി: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ വീടിന് മുന്നിൽ നിരാഹാരമിരുന്ന്‌ കുടുംബം

Spread the love

 

ആലപ്പുഴ: വ്യാജ നിയമന ഉത്തരവ്‌ നൽകി പണം തട്ടിയെന്ന്‌ ആരോപിച്ച്‌ ബിജെപി നേതാവിന്റെ വീടിന്‌ മുന്നിൽ നിരാഹാരമിരുന്ന്‌ ഓട്ടോഡ്രൈവറും കുടുംബവും. മകൾക്ക്‌ സൗത്ത്‌ ആര്യാട് ലൂഥറൻസ്‌ സ്‌കൂളിൽ ക്ലർക്കായി നിയമനം നൽകാമെന്ന്‌ വിശ്വസിപ്പിച്ച്‌ 2.15 ലക്ഷം തട്ടിയെന്നാണ്‌ മാരാരിക്കുളം സ്വദേശി എൻ ഹരിദാസിന്റെ ആരോപണം.

video
play-sharp-fill

 

ഹരിദാസും കുടുംബവുമാണ്‌ മാരാരിക്കുളത്തെ ബിജെപി നേതാവിന്റെ വീടിന്‌ മുന്നിൽ നിരാഹാരമിരുന്നത്‌. രണ്ട്‌ മണിക്കൂർ സമരത്തിനൊടുവിൽ പോലീസ്‌ എത്തി ബിജെപി അനുഭാവി കൂടിയായ ഇയാളെ മടക്കി അയച്ചത്‌. വരുംദിവസങ്ങളിലും നിരാഹാര സമരം നടത്തുമെന്ന്‌ ഹരിദാസ്‌ പറഞ്ഞു.

 

ബിജെപി മണ്ഡലം പ്രസിഡന്റ്‌ വിളിച്ച്‌ സമരം മാറ്റിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം മടക്കിനൽകാതെ പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ഹരിദാസിനെ അറിയില്ലെന്നും സാമ്പത്തിക ഇടപാട്‌ നടത്തിയത്‌ മറ്റൊരാളാണ്‌ എന്നാണ്‌ ബിജെപി നേതാവിന്റെ വാദം. ജില്ലാ പോലീസ്‌ മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിദാസിനേയും ഭാര്യ ഐ പ്രീനയേയും മാരാരിക്കുളം പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ച്‌ മൊഴി രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2021 ജൂലൈ 10ന്‌ നേതാവ്‌ വീട്ടിലെത്തി അഞ്ച്‌ ലക്ഷം രൂപ ആവശ്യപ്പെട്ടു. എസ്ബിഐ മങ്കൊമ്പ് ശാഖയിൽ സ്വർണം പണയംവച്ച്‌ ആദ്യഗഡുവായി 2,15,000 ലക്ഷം നേതാവ്‌ നിർദേശിച്ച ആലപ്പുഴ ഐസിഐസിഐ ബാങ്കിലെ അക്കൗണ്ടിലേക്ക്‌ അയച്ചുകൊടുത്തു. ജൂലൈ 16ന്‌ വിദ്യാഭ്യാസ വകുപ്പിന്റേത്‌ എന്നപേരിൽ നിയമന ഉത്തരവ്‌ നേതാവ്‌ വീട്ടിലെത്തി നൽകി. ജോലിയിൽ പ്രവേശിക്കാൻ മകളുമായി സ്‌കൂളിൽ എത്തിയപ്പോഴാണ്‌ ഉത്തരവ്‌ വ്യാജമാണെന്ന്‌ ബോധ്യപ്പെട്ടത്‌. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 2,15,000 രൂപയുടെ ചെക്ക് നൽകി. എന്നാൽ തിരുത്തിയ ചെക്കായതിനാൽ ബാങ്കിൽനിന്ന്‌ പണം ലഭിച്ചില്ല. സംഭവത്തിൽ ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതൃത്വത്തിന്‌ പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ലെന്നും ഹരിദാസ്‌ കൂട്ടിചേർത്തു.