
കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു.
നിസാൻ പട്രോള്‍ വൈ60 കാർ ആണ് പിടിച്ചെടുത്തത്.
എറണാകുളം വെണ്ണലയിലെ ബന്ധുവീട്ടില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്.
ചുവന്ന നിറത്തിലുള്ള വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ വാഹനത്തിന്റെ രജിസ്ട്രേഷൻ വ്യാജമാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനത്തിന്റെ ഫസ്റ്റ് ഓണറായി കാണിച്ചിരിക്കുന്നത് ഇന്ത്യൻ ആർമി എന്നാണ്. കൂടുതല്‍ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാകും മറ്റു നടപടികളെന്ന് കസ്റ്റംസ് വ്യക്തമാക്കി.
നേരത്തെ ദുല്‍ഖറിന്‍റെ ഒരു വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ദുല്‍ഖറിന്റെ മൂന്ന് വാഹനങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു.
വാഹനം പിടിച്ചെടുത്തതിനെതിരെ ദുല്‍ഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രേഖകള്‍ പരിശോധിക്കാതെയാണ് നടപടിയെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയില്‍ കോടതി കസ്റ്റംസിനോട് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. നിയമനടപടികള്‍ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും ഇത് വിട്ടുകിട്ടണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.