കൊലയാളി ഡ്യൂക്ക് വീണ്ടും വില്ലനായി: കോടിമതയിൽ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്ത ഡ്യൂക്ക് ഇടിച്ച് യുവാവിന്റെ കാൽ ഒടിഞ്ഞു തൂങ്ങി; യുവാവ് മെഡിക്കൽ കോളേജിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊലയാളി ഡ്യൂക്ക് വീണ്ടും വില്ലനായി മാറി. കോടിമതയിൽ ഇടത് വശത്തു കൂടി കാറിനെ ഓവർടേക്ക് ചെയ്ത ഡ്യൂക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. തൃക്കൊടിത്താനം കോട്ടമുറി ഗോകുലം പുത്തൻപറമ്പിൽ നന്ദകുമാറിന്റെ മകൻ അരുൺകുമാറിനെ(21) ഗുരുതരപരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുൺകുമാറിന്റെ ഇടതു കാലിലെ മുട്ട് ചിരട്ടയ്ക്ക് പൊട്ടലുണ്ടായിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ കോടിമത പാലത്തിനു സമീപമായിരുന്ന അപകടം. ചിങ്ങവനം ഭാഗത്തു നിന്നും വരികയായിരുന്നു അപകടത്തിൽപ്പെട്ട കാറും ഡ്യൂക്ക് ബൈക്കും. കോടിമത പാലത്തിലേയ്ക്കു കയറുന്നതിനു തൊട്ടു മുൻപ് വച്ച് അരുൺകുമാർ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക്, ഒരു കാറിനെ ഇടതു വശത്തു കൂടി മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ്ഡ്യൂട്ട് ബൈക്ക് ഇടതു വശത്തു കൂടി പാഞ്ഞെത്തിയപ്പോൾ, എതിർ ദിശയിൽ നിന്നും മറ്റൊരു വാഹനം വരുന്നത് കണ്ട് കാർ ഇടത്തേയ്ക്ക് പെട്ടെന്നു വെട്ടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടമായ കാർ, റോഡരികിലെ മൈൽകുറ്റിയിലേയ്ക്ക് ഇടിച്ചു കയറി. കാറിന്റെയും മൈൽക്കുറ്റിയുടെയും ഇടയ്ക്ക് കുടുങ്ങിയ ഡ്യൂക്കിൽ ഇരുന്ന അരുൺകുമാറിന്റെ ഇടത് കാലിന്റെ മുട്ട് ചിരട്ട ഒടിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ പൊലസ് കൺട്രോൾ റൂം വാഹനത്തിലാണ് പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് ഇരുപത് മിനിറ്റോളം കോടിമത പാലത്തിൽ വാഹന ഗതാഗതം തടസപ്പെട്ടു. യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ട്.
കൊലയാളി ബൈക്കായ ഡ്യൂക്ക് നിരന്തരം അപകടമുണ്ടാക്കുന്നതായാണ് ഇപ്പോൾ വ്യക്തമാകുന്നത്. രണ്ടു വർഷം മുൻപ് ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ ഡ്യൂക്ക് ബൈക്കിലെ യാത്രക്കാരാനായ യുവാവ് മരിച്ചിരുന്നു. ഹർത്താൽ ദിനത്തിൽ കോടിമത പാലത്തിൽ വച്ചു തന്നെയാണ് അപകടമുണ്ടായത്. നാലുവരിപ്പാതയിൽ ഡ്യൂക്ക് ബൈക്കുകളുടെ അമിത വേഗംതന്നെയാണ് മറ്റു വാഹനങ്ങളെ അപകടത്തിലേയ്ക്ക് ത്ള്ളി വിടുന്നത്. ഇത് ഗുരുതരമായ പ്രശ്‌നമാണ് ഉയർത്തുന്നത്. നാലു വരിപ്പാതയിൽ വേഗ നിയന്ത്രണത്തിന് പൊലീസ് ഇടപെടൽ ആവശ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.