ദുബായ് ബസ് അപകടം : മരിച്ച 17 പേരുടെ കുടുംബത്തിന് 37 ലക്ഷം രൂപ നഷ്ടപരിഹാരം ; ഡ്രൈവർക്ക് ഏഴ് വർഷം തടവ്
സ്വന്തം ലേഖകൻ
ദുബായ്: ചെറിയ പെരുന്നാൾ അവധിക്കാലത്ത് ദുബായിൽ നടന്ന ബസ് അപകടത്തിൽ മരിച്ച 17 പേരുടെ ആശ്രിതർക്ക് 200,000 ദിർഹം (ഏകദേശം 37 ലക്ഷം) നഷ്ടപരിഹാരം നൽകാൻ യു.എ.ഇ കോടതിയുടെ ഉത്തരവ്. അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ നൽകാനും കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിച്ച ശേഷം ഒമാനി പൗരനെ നാടുകടത്താനും 50000 ദിർഹം പിഴയായി അടയ്ക്കാനും ഇതിനോടൊപ്പം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്തിട്ടുണ്ട്.
കേസിൽ ആദ്യം ഡ്രൈവർ കുറ്റം സമ്മതിച്ചെങ്കിലും അൽ റാഷിദിയ്യ എക്‌സിറ്റിലെ ഉയരം ക്രമീകരിക്കുന്ന സ്റ്റീൽ തൂൺ അനുചിതമായ സ്ഥലത്താണ് നിർമിച്ചതെന്ന് ബസ് ഡ്രൈവറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ജി.സി.സി നിയമാവലികളും നിലവാരവും ലംഘിച്ചാണ് ഇത് നിർമിച്ചതെന്നും അടിസ്ഥാന സംവിധാനങ്ങൾ പോലും ഇവിടെയില്ലെന്നും അഭിഭാഷകൻ മുഹമ്മദ് സെയ്ഫ് അൽ തമിമി കോടതിയിൽ വാദിച്ചു.ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് ജൂൺ ആറിന് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്‌സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group