മദ്യലഹരിയിൽ സഹോദരൻമാർ തമ്മിൽ തർക്കം: വൈക്കത്ത് ജേഷ്ഠനെ അനുജൻ വെട്ടിക്കൊന്നു; തലയ്ക്ക് വെട്ടേറ്റ ജേഷ്ഠൻ കൊല്ലപ്പെട്ടു; അനുജൻ അറസ്റ്റിൽ; മരണം പുറത്തറിയാതിരിക്കാൻ ജേഷ്ഠനെ അനുജൻ കുളിപ്പിച്ച് കിടത്തി
തേർഡ് ഐ ബ്യൂറോ
വൈക്കം: സ്ഥിരം മദ്യപാനികളായ സഹോദരന്മാർ തമ്മിൽ വീട്ടുമുറ്റത്ത് ഏറ്റുമുട്ടിയപ്പോൾ ജേഷ്ഠൻ കൊല്ലപ്പെട്ടു. അനുജനുമായുള്ള തർക്കത്തിനിടെയാണ് ജേഷ്ഠന്റെ തലയ്ക്ക് വെട്ടേറ്റത്. വെട്ടേറ്റ ജേഷ്ഠനെ ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ അനുജനെ വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അനുജൻ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുജനും ജേഷ്ഠനും സ്ഥിരം മദ്യപാനികളാണ്. ഇരുവരുടെയും അമിത മദ്യപാനം മൂലം രണ്ടു പേരുടെയും കുടുംബം വേർപ്പെട്ട് കഴിയുകയാണ്. സ്ഥിരം പ്രശ്നക്കാരനായതിനാൽ നാട്ടുകാർക്കും ഇവരുമായി കാര്യമായ സഹകരണം ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകിട്ട് മദ്യപിച്ച് എത്തിയ രണ്ടു പേരും തമ്മിൽ വീട്ടിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു.
തുടർന്നുണ്ടായ സംഘർഷത്തിൽ അനുജൻ ജേഷ്ഠനെ വെട്ടി. തലയ്ക്ക് വെട്ടേറ്റ ജേഷ്ഠൻ തല്ക്ഷണം മരിച്ചു. രക്തം വാർന്നൊഴുകി മുറ്റത്ത് വീണു കിടന്നിരുന്ന ജേഷ്ഠനെ അനുജൻ എടുത്ത് കുളിപ്പിച്ച് വീടിനുള്ളിൽ കിടത്തി. രാത്രി എട്ടു മണിയോടെ അയൽവാസിയുടെ വീട്ടിലെത്തിയ വിപിൻ ജേഷ്ഠൻ അനക്കമില്ലാതെ കിടക്കുകയാണ് എന്ന് അറിയിച്ചു. തുടർന്നു, അയൽവാസികൾ എത്തി നടത്തിയ പരിശോധനയിലാണ് ജേഷ്ഠൻ മരിച്ചതായി കണ്ടെത്തിയത്. തുടർന്ന്, ഇവർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി. തുടർന്നു, സംഭവത്തിൽ കേസെടുത്ത് അനുജൻ വിപിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.