
ആലപ്പുഴ: മദ്യലഹരിയിൽ ക്ഷേത്രത്തിൽ യുവാവിന്റെ അതിക്രമം. ക്ഷേത്രത്തിൽ പന്ത്രണ്ടുവിളക്ക് ചടങ്ങുകൾ നടക്കുന്നതിനിടെ ഇയാൾ വടിയുമായി മതിൽ ചാടിക്കടന്നെത്തി മൈക്ക് സെറ്റ് ഓഫാക്കുകയും ഫ്യൂസ് ഊരിമാറ്റുകയും ചെയ്തു. പിന്നാലെ ഭക്തരെ ദേഹോപദ്രവമേൽപ്പിച്ചശേഷം സർപ്പക്കാവിലെ മണിനാഗ വിഗ്രഹമെടുത്ത് സമീപമുള്ള പറമ്പിലേക്കു വലിച്ചെറിയുകയും ചെയ്തു. വിളക്കുകളും തട്ടിത്തെറിപ്പിച്ചു.
ചിങ്ങോലി ആയിക്കാട് പറവടക്കതിൽ കുടുംബക്ഷേത്രത്തിൽ കടന്നുകയറിയാണ് അതിക്രമം കാട്ടിയത്. ക്ഷേത്രത്തിനുസമീപം താമസിക്കുന്ന വീട്ടിൽ കടന്നുചെന്ന് പ്രായമുള്ള ദമ്പതിമാരെയും ദേഹോപദ്രവമേൽപ്പിച്ചു. തിരികെയെത്തി വീണ്ടും ക്ഷേത്രത്തിന്റെ കിഴക്കുവശത്തെ ഗേറ്റും അക്രമി ചവിട്ടിപ്പൊളിച്ചു.
മുൻ വൈരാഗ്യമാണ് അക്രമണത്തിനു കാരണമെന്നു പറയുന്നു. ക്ഷേത്രം ഭാരവാഹിയുടെ പരാതിയിൽ ദിനേശ് എന്നയാൾക്കെതിരേ കരീലക്കുളങ്ങര പോലീസ് കേസെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



