
മദ്യലഹരിയിൽ ഏറ്റുമാനൂരിൽ എം.സി റോഡിലൂടെ കാറോടിച്ചത് ഏറ്റുമാനൂർ സ്വദേശി: അമിത വേഗത്തിൽ കാറോടിച്ചയാൾക്കെതിരെ പൊലീസിൽ കേസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: മദ്യലഹരിയിൽ ഏറ്റുമാനൂർ എം.സി റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞത് ഏറ്റുമാനൂർ സ്വദേശി. മോട്ടോർ വാഹന വകുപ്പ് അധികൃതർ പിന്നാലെ പാഞ്ഞ് പിടികൂടിയ ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ സ്വദേശി ഷൈലേന്ദ്രനെതിരെയാണ് ഏറ്റുമാനൂർ പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടോയൊയിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂരിൽ വാഹന പരിശോധന നടക്കുന്നതിനിടെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം എം.സി റോഡിലൂടെ എട്ടും കുറ്റിയും വരച്ച് പാഞ്ഞു പോകുന്ന സ്വിഫ്റ്റ് ഡിസയർ കാർ കണ്ടത്.
റോഡിനു നടുവിലെ ലൈൻ പലപ്പോഴും തെറ്റിച്ച്, വലത്തേയ്ക്കും ഇടത്തേയ്ക്കും വെട്ടിച്ചു, തലങ്ങും വിലങ്ങും പാഞ്ഞു പോകുന്ന കാറിനെ നിയന്ത്രിച്ചു നിർത്താൻ ഡ്രൈവർക്ക് പലപ്പോഴും സാധിച്ചിരുന്നില്ല. വണ്ടിയുടെ നിയന്ത്രണം ഡ്രൈവറുടെ കയ്യിൽ നിന്നും പോകുന്ന ഘട്ടം എത്തിയതോടെ, മോട്ടോർ വാഹന വകുപ്പ് അധികൃതർ പ്രശ്‌നത്തിൽ ഇടപെട്ട് വാഹനം നിയന്ത്രിച്ചു നിർത്താൻ പല തവണ ശ്രമിച്ചു.
എന്നാൽ, ഇയാൾ അമിത വേഗത്തിൽ തന്നെ പായുകയായിരുന്നു. ഒടുവിൽ വാഹനത്തിനു വട്ടം വച്ചാണ് വണ്ടി മോട്ടോർ വാഹന വകുപ്പ് നിർത്തിച്ചത്. ഇതേ തുടർന്നു ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു കേസും രജിസ്റ്റർ ചെയ്യുകയായിരുന്നു.