video
play-sharp-fill

ഇനി റോഡിൽ ഊത്തുവേണ്ട: മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യ പരിശോധന തന്നെ വേണം: പൊലീസിന്റെ ഊത്ത് പരിശോധനയ്‌ക്കെതിരെ ഹൈക്കോടതി

ഇനി റോഡിൽ ഊത്തുവേണ്ട: മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യ പരിശോധന തന്നെ വേണം: പൊലീസിന്റെ ഊത്ത് പരിശോധനയ്‌ക്കെതിരെ ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടുറോഡിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി ഊതിച്ച് കുടിയൻമാരെ കണ്ടെത്തുന്ന പൊലീസ് പരിശോധനയ്ക്ക് ഹൈക്കോടതിയുടെ കടിഞ്ഞാൺ. ഊത്ത് പരിശോധനയുടെ പേരിൽ മാത്രം ഇനി ഒരാളെയും കുടിയനെന്ന് മുദ്രകുത്താനാവില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. പൊലീസ് ഊതിച്ചതിന്റെ അടിസ്ഥാനത്തിൽ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയാലും, രക്തം പരിശോധിച്ച് മദ്യത്തിന്റെ അളവ് കണ്ടെത്തിയെങ്കിൽ മാത്രമേ ഇനി മുതൽ കേസ് രജിസ്റ്റർ ചെയ്യാവൂ എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റംചുമത്തി തലവൂർ സ്വദേശികളായ മൂന്നുപേരുടെപേരിൽ കുന്നിക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ശാസ്ത്രീയമായി രക്തപരിശോധന നടത്തി നിശ്ചിത അളവിൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെങ്കിൽ മാത്രമേ കേസെടുക്കാൻ പാടുള്ളൂ എന്ന 2018-ലെ വിധി കോടതി വീണ്ടും ഓർമപ്പെടുത്തി. ചില മരുന്നുകൾക്ക് ആൽക്കഹോളിന്റെ ഗന്ധമുണ്ട്. ആൽക്കോമീറ്റർ പരിശോധനയിലും ഇതു വ്യക്തമാകില്ല. രക്തപരിശോധനയാണ് ശരിയായ മാർഗമെന്ന് 2018-ൽ വൈക്കം സ്വദേശിയുടെ കേസിൽ വിധിയുണ്ട്.
മദ്യപിച്ചെന്ന് സംശയമുള്ളവരെ മുഖത്തേക്കോ കൈയിലേക്കോ ഊതിച്ച് ആൽക്കഹോളിന്റെ ഗന്ധമുണ്ടോ എന്നു പരിശോധിക്കുകയും മണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പെറ്റിക്കേസെടുക്കുകയും ചെയ്യുന്നത് പതിവാണ്. ആശുപത്രിയിലെത്തിച്ചാലും രക്തപരിശോധന നടത്താതെ മദ്യപിച്ചിരുന്നെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങുകയും ചെയ്യുന്നു. കുന്നിക്കോട് പോലീസ് വ്യക്തിവിരോധത്തിന്റെ പേരിൽ കേസെടുത്തെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം. പുനലൂർ ഡിവൈ.എസ്.പി.യും കേസിനനുകൂലമായ റിപ്പോർട്ടാണ് നൽകിയിരുന്നത്. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ഇത് സംസ്ഥാനത്ത് എമ്പാടും നടക്കുന്ന വാഹന പരിശോധനകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന നിയമമാണ്. ഇത്തരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഇനി കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഇല്ലെങ്കിൽ പൊലീസ് പുലിവാൽ പിടിക്കും എന്ന വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഹൈക്കോടതി വിധി.