മദ്യപിച്ച് വാഹനം ഓടിച്ചതായി ആരോപിച്ച യുവാവിന് പാമ്പാടി എസ്.ഐയുടെ മർദനം: മർദിച്ചത് ബ്രത്ത് അനലൈസർ ഉപയോഗിച്ച് ഊതിച്ച ഹോം ഗാർഡിനെ ചോദ്യം ചെയ്തതിന്റെ പേരിൽ
സ്വന്തം ലേഖകൻ
പാമ്പാടി: മദ്യപിച്ച് വാഹനം ഓടിച്ചെന്നാരോപിച്ച് പിടികൂടിയ യുവാവിനെ പൊലീസ് സ്റ്റേഷനിൽ വച്ച് എസ്.ഐ ക്രൂരമായി മർദിച്ചതായി പരാതി. പാമ്പാടി മധുമല വീട്ടിൽ ജോവാൻകുമാർ വി.കെ യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് പാമ്പാടി എസ്.ഐയെക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളിയാഴ്ച വൈകിട്ട് മദ്യപിച്ചതായി ആരോപിച്ച് ജോവാന്റെ സ്‌കൂട്ടറിനു പൊലീസ് ജീപ്പ് വട്ടം
വച്ച ശേഷം എസ്.ഐ തടഞ്ഞു നിർത്തി ജോവാനെ മർദിച്ചതായാണ് പരാതി.
നേരത്തെ ഹോം ഗാർഡ് ബ്രത്ത് അനലൈസർ ഉപയോഗിച്ച് സ്‌കൂട്ടർ യാത്രക്കാരെ ഊതിക്കാൻ ശ്രമിക്കുന്നതിനെ ജോവാൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് എസ്.ഐ തടഞ്ഞു നിർത്തി മർദിച്ചതെന്നാണ് ജോവാൻ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഹോം ഗാർഡ് ബ്രത്ത് അനലൈസർ ഉപയോഗിച്ച പരിശോധിക്കുന്നത് വ്യക്തമാക്കി ജോവാൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് കണ്ട എസ്.ഐ ക്ഷുഭിതനായതായും, നിനക്ക് പണി തരാം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ജോവാൻ ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ പാമ്പാടിയിൽ വച്ച് യൂണിഫോം ധരിക്കാതെ എത്തിയ എസ്.ഐ ബൈക്കിന് അടുത്ത് എത്തിയതായി ജോവാൻ പറയുന്നു. മദ്യപിച്ചെങ്കിൽ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. യൂണിഫോം ഇടാതെ എത്തിയതിനാൽ എസ്.ഐ ആണെന്ന് മനസിലായില്ലെന്നും അതുകൊണ്ടു തന്നെ സ്‌റ്റേഷനിലേയ്ക്ക് ചെല്ലാൻ തയ്യാറായില്ലെന്നും ജോവാൻ പറയുന്നു. താൻ ബിയർ കഴിച്ചിരുന്നുവെന്നും കൈകാണിച്ചത് പൊലിസ് ആണെന്നറിയാത്തതിനാൽ
ബൈക്ക് നിർത്താതെ വീട്ടിൽ എത്തിയപ്പോൾ പൊലീസ് സംഘം പിന്നാലെ എത്തി. വീട്ടിൽ നിന്നും എന്നെ വലിച്ചിറക്കി ജീപ്പിൽ കയറ്റിയ പൊലീസ് സംഘം ആലാമ്പള്ളി വരെ എത്തിച്ചു.ഇവിടെ വച്ച് ബൈക്കിലെത്തിയ എസ്.ഐ എന്നെ നിലത്തിട്ട് ചവിട്ടുകയും, മർദിക്കുകയും ചെയ്തു. മാരകമായി മർദിച്ച ശേഷം എന്നെ സ്റ്റേഷനിൽ എത്തിച്ച് കേസെടുത്തു. സ്റ്റേഷനിൽ നിന്നും പോന്ന ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട താൻ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും ജോവാൻ പറയുന്നു. ക്രൂരമായ രീതിയിൽ എന്നെ മർദിക്കുകയും, പരിക്കേൽപ്പിക്കുകയും ചെയ്ത എസ്.ഐയ്‌ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ജോവാൻ ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.