
സ്വന്തം ലേഖകൻ
കോട്ടയം: മദ്യലഹരിയിൽ അപകടകരമായ രീതിയിൽ നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്ക് തടവും പിഴയും ലൈസൻസ് സസ്‌പെൻഷനും. പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ മാഞ്ഞൂർ ഭഗവതി മഠം ഭാഗത്ത് മാഞ്ഞൂർ സൗത്ത് കര ചെറുകൂട്ടിൽ വീട്ടിൽ മാർട്ടിൻ മാത്യു (43)സിനെയാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. ഒരു മാസം തടവം, മൂവായിരം രൂപ പിഴയും, ആറു മാസത്തേയ്ക്ക് ലൈസൻസ് സസ്‌പെന്റ് ചെയ്തതുമാണ് ശിക്ഷ.
2013 നായിരുന്നു കേസിനാസ്പദമായ സംഭവം. പാലായിൽ നിന്നും ഏറ്റുമാനൂരിലേയ്ക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. കിടങ്ങൂർ ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായും, അലക്ഷ്യമായാണ് വാഹനം ഓടിച്ചിരുന്നതെന്നും കണ്ടെത്തി. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത ശേഷം വിട്ടയച്ചു. അലക്ഷ്യമായും അപകടകരമായും വാഹനം ഓടിച്ചതിന് 279, മദ്യപിച്ച് വാഹനം ഓടിച്ചതിന് 185 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ അലക്ഷ്യമായി വാഹനം ഓടിച്ച വകുപ്പ് നിലനിൽക്കുന്നതാണെന്ന് കണ്ടെത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യുഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ പി.അനുപമ ഹാജരായി.