മദ്യപിച്ച് സ്ഥിരം വീട്ടിലെത്തി ബഹളവും അക്രമവും: സഹികെട്ട അച്ഛൻ മകനെ ചുറ്റികയ്ക്കു തലയ്ക്കടിച്ചു കൊന്നു; മൃതദേഹം റോഡരികിൽ ആളൊഴിഞ്ഞ സ്ഥലത്തു തള്ളി; കൊലപാതകം കണ്ടു നിന്ന പ്രതിയുടെ അമ്മ കുഴഞ്ഞു വീണു മരിച്ചു; മൂന്നിലവിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ചുരുളഴിയുമ്പോൾ ജയിലിലാകുന്നത് അച്ഛൻ
ക്രൈം ഡെസ്‌ക്
കോട്ടയം: മദ്യപിച്ച് വീട്ടിലെത്തി സ്ഥിരം പ്രശ്‌നമുണ്ടാക്കുകയും, അച്ഛനെയും അമ്മയെയും വല്യമ്മയെയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയുമായ യുവാവിനെ അച്ഛൻ ചുറ്റികയ്ക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മദ്യപിച്ചെത്തി വീട് പൂർണമായും അടിച്ചു തകർക്കുകയും, അക്രമം നടത്തുകയും ചെയ്ത പ്രതിയെയാണ് സഹികെട്ട് അച്ഛൻ അടിച്ചു കൊന്നത്.
മൂന്നിലവ് കൊന്നക്കൽ സാമുവലിന്റെ മകൻ ചാക്കോ (പാപ്പൻ-68) യാണ് മകനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായത്. സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്ന ഇളയ മകൻ ജോൺസൺ ജോബി (ഗോവിന്ദൻ – 37)യെയാണ് ചാക്കോ ഗതികെട്ട് ചുറ്റികയ്ക്കു അടിച്ചുകൊന്ന് മൃതദേഹം റോഡരികിൽ തള്ളിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 13 നാണ് മേലുകാവ് കോണിപ്പാട് – ഇരുമാപ്രാ റോഡിൽ പള്ളിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ റോഡരികിലെ കൊക്കയിൽ ഇരുപത് അടിയിലേറെ താഴെയായി മൃതദേഹം കണ്ടെത്തിയത്. റോഡരികിലെ മാലിന്യക്കൂമ്പാരത്തിനിടയിൽ മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ പഞ്ചായത്ത് അംഗം തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം കണ്ടെടുക്കുമ്പോൾ, മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. വയറ്റിൽ പ്ലാസ്റ്റിക്ക് കയർ കെട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
തുടർന്നു പ്രദേശത്തു നിന്നും കാണാതെ പോയ ആളുകളുടെ പട്ടിക പൊലീസ് ശേഖരിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ജോൺസണെ കാണാനില്ലെന്നു കണ്ടെത്തിയത്. തുടർന്നു അച്ഛൻ ചാക്കോയെയും അമ്മയെയും വിളിച്ചു വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നു പ്രതിയെ കോട്ടയം പോലീസ് മേധാവി ജയദേവ്, പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, മേലുകാവ് എസ്‌ഐ ലെബിമോൻ, നൗഷാദ്, സുനിൽ, പാലാ എസ്.ഐ ഹാഷിം, തോമസ് സേവ്യർ, അരുൺചന്ദ്, ബിജു, രാംദാസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ ചാക്കോയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
സ്ഥിരം മദ്യപാനിയായിരുന്ന ജോൺസൺ ലഹരി മരുന്നുകൾക്ക് അടക്കം അടിമയായിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ജോൺസൺ സ്ഥിരം പ്രശ്‌നക്കാരൻ കൂടിയായിരുന്നു. ഇയാളുടെ ശല്യവും മദ്യപാനവും സഹിക്കവയ്യാതെ ഭാര്യ നേരത്തെ തന്നെ പിണങ്ങിപ്പോകുകയും ചെയ്തിരുന്നു. സ്വന്തം വീട് തല്ലിത്തകർത്ത ജോൺസൺ വഴിയരികിലാണ് കിടന്നുറങ്ങിയിരുന്നത്. വീട്ടിൽ എന്ന് എത്തിയാലും അച്ഛനെയും അമ്മയെയും വല്യമ്മയെയും ഇയാൾ ആക്രമിച്ചിരുന്നു. ഇയ്യാളുടെ ശല്യം മൂലം പിതാവ് ചാക്കോയും ഭാര്യയും ചാക്കോയുടെ മാതാവും മൂന്നിലവ് എട്ടൊന്നിൽ വാടകയ്ക്കു വീടെടുത്ത് താമസിക്കുകയായിരുന്നു.
മാർച്ച് ഒൻപതിന് മദ്യലഹരിയിൽ വീട്ടിലെത്തിയ ജോൺസൺ, ആദ്യം അച്ഛനുമായി ഏറ്റുമുട്ടി. അച്ഛനുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട ജോൺസൺ ആദ്യം അച്ഛനെ പിടിച്ചു തള്ളി. തുടർന്നു, വീടും അടിച്ചു തകർത്തു. ഗതികെട്ട ജോൺസൺ മകനെ കമ്പിവടിയ്ക്കു അടിച്ചു വീഴ്ത്തി. അച്ഛന്റെ അടിയേറ്റ ജോൺസൺ രാത്രി തന്നെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.
രണ്ടു ദിവസത്തിനു ശേഷം തിരികെ വീട്ടിലെത്തിയ ജോൺസൺ നന്നായി മദ്യപിച്ചിരുന്നു. അച്ഛനോടുള്ള വൈരാഗ്യത്തിന് ഇയാൾ വീട് മുഴുവനും അടിച്ചു തകർത്തു. വീടിനുള്ളിലുണ്ടായിരുന്ന സാധനങ്ങൾ മുഴുവനും തല്ലിത്തകർത്തു. സംഭവം അറിഞ്ഞ് എത്തിയ ചാക്കോ ക്ഷുഭിതനായി. ഈ സമയം കട്ടിലിൽ ഇരിക്കുകയായിരുന്ന ജോൺസണിന്റെ പിന്നിലൂടെ എത്തിയ ചാക്കോ, ഇയാളുടെ തലയ്ക്കു ചുറ്റിക ഉപയോഗിച്ച് അടിച്ചു. തലയ്ക്ക് പിന്നിൽ അടിയേറ്റു വീണ ജോൺസണിന്റെ ശരീരത്തിൽ കയറിയിരുന്ന ചാക്കോ, ഇയാളുടെ തലയിൽ പല തവണ അടിച്ചു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സ്വന്തം ജീപ്പിൽ കയറ്റി റോഡരികിൽ ഉപേക്ഷിച്ചതായാണ് പൊലീസ് കേസ്.
ജോൺസണിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നത് ചാക്കോയുടെ ഭാര്യയും , അമ്മയും കണ്ടു. സംഭവം കണ്ടു നിന്ന ചാക്കോയുടെ അമ്മ കുഴഞ്ഞു വീണു. ഈ സമയം ചാക്കോയും ഭാര്യയും ചേർന്ന്് അമ്മയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഇവിടെ വച്ചു ഹൃദയാഘാതമുണ്ടായ അമ്മ മരിച്ചു. തുടർന്ന് അമ്മയുടെ മൃതദേഹം സഹോദരന്റെ അഞ്ചുകുടിയാറിലുള്ള വീട്ടിൽ എത്തിച്ച ശേഷം ചാക്കോ തിരികെ വാടക വീട്ടിലെത്തി പുലർച്ചെ മൂന്ന് മണിയോടെ ജോൺസന്റെ മൃതദേഹം പാസ്റ്റിക് കയർ കെട്ടി വലിച്ച് ജീപ്പിൽ കയറ്റി മൂന്ന് കിലോമീറ്റർ അകലെയുള്ള വിജനമായ ഇരുമാപ്രായിലെ കൊക്കയിൽ തള്ളുകയായിരുന്നു.
ഇതിന് ശേഷം സഹോദരന്റെ വീട്ടിലെത്തി മാതാവിന്റെ മൃതസംസ്‌കാര ചടങ്ങിലും പങ്കെടുത്തു.
മൃതദേഹം തിരിച്ചറിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിൽ 11ന് രാത്രി ഓട്ടോറിക്ഷയിൽ ജോൺസൻ മൂന്നിലവിൽ വന്നിറങ്ങിയതായും രാത്രി വീട്ടിൽ വഴക്കുണ്ടായതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാക്കോയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വ്യക്തമായത്.
മൂന്നിലവിലെ വാടക വീട്ടിൽ നിന്നും രക്തക്കറകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കെട്ടിവലിക്കാൻ ഉപയോഗിച്ച കയറിന്റെ ബാക്കി ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.