
കോട്ടയം : ലഹരിക്കെതിരെ എക്‌സൈസും പോലീസും അരയും തലയും മുറുക്കി പോരാടുമ്പോഴും
ജില്ലയിലേക്ക് മയക്കുമരുന്ന് ഒഴുകുകയാണ്.വലക്കണ്ണികൾ മുറുക്കി രാസലഹരി വസ്തുക്കൾ യുവത്വത്തെ കാർന്നു തിന്നുകയാണ്.
ജില്ലയിൽ ഒരുമാസത്തിനിടെ അറസ്റ്റിലായത് 68 പേർ. ഭൂരിഭാഗവും 40 വയസിൽ താഴെയുള്ളവർ. ആഗസ്റ്റ് 27 മുതൽ സെപ്തംബർ 22 വരെയുള്ള കണക്കാണിത്.
71 കേസുകളെടുത്തു. രണ്ടുവാഹനങ്ങൾ പിടിച്ചെടുത്തു. മയക്കുമരുന്നിനെതിരെയുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനും കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ നടന്ന നാർക്കോ കോ-ർഡിനേഷൻ കമ്മിറ്റി ജില്ലാതല യോഗത്തിലാണ് കണക്കുകൾ പുറത്തുവന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടികൂടിയതിന്റെ ഇരട്ടി ലഹരി ജില്ലയിൽ ഓണം പ്രമാണിച്ചെത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ആകെ 885 പരിശോധനകളാണ് നടത്തിയത്. നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതുമായി ബന്ധപ്പെട്ട് 82220 രൂപ ഈടാക്കി.
88.590 കിലോ പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. 407.750 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, 44.205 ലിറ്റർ ബിയറും രണ്ടുലിറ്റർ കള്ളും 6.48 ലിറ്റർ അനധികൃത മദ്യവും പിടിച്ചെടുത്തു. 18.050 കിലോ കഞ്ചാവും 135 ഗ്രാം കഞ്ചാവ് ചോക്ലേറ്റും നാലു കഞ്ചാവ് ചെടികളും 4.409 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
എം.ഡി.എം.എ കേസുകളിൽ അറസ്റ്റിലാവരിൽ എൻജിനിയറിംഗ് ബിരുദധാരികളും ഉൾപ്പെടുന്നു. അന്യസംസ്ഥാനത്ത് പഠനത്തിനായി പോകുന്ന ചെറുപ്പക്കാരാണ് കൂടുതലായും ലഹരിവലയിൽ അകപ്പെട്ടത്. ലഹരി ഉപയോഗിക്കില്ലെങ്കിലും അമിത വരുമാനം ലക്ഷ്യമിട്ട് നാട്ടിൽ വിൽക്കാനായി കൊണ്ടുവരുന്നതിനിടെ കുടുങ്ങിയവരുമുണ്ട്. അന്യസംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും തകൃതിയാണ്. ലേബർക്യാമ്പുകളിലടക്കം പരിശോധന നടത്തുന്നതിൽ പരിമിതിയുണ്ട്. ട്രെയിനുകളിലടക്കമാണ് കഞ്ചാവ് കടത്തുന്നത്.
സ്‌കൂളുകളിലും കോളേജുകളിലും പ്രൊട്ടക്ഷൻ ഗ്രൂപ്പ് ശക്തമാക്കാനും, വിമുക്തി ഡീ അഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനം വ്യാപിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.