
ചെന്നൈ: ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മലയാളി യുവനടി അഞ്ജു കൃഷ്ണ ഉള്‍പ്പെടെ എട്ടുപേർ പിടിയിൽ. സംഭവത്തില്‍ അന്വേഷണം കടുക്കുന്നു.
ചെന്നൈയിലെ വലസരവാക്കത്ത് ആന്റി നര്‍ക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് മെത്താഫിറ്റമിനും കഞ്ചാവും സ്റ്റാമ്പുമായി നടിയടങ്ങുന്ന സംഘം അറസ്റ്റിലായത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തമിഴ് സിനിമകളില്‍ സഹ സംവിധായികയായ വിൻസി നിവേതയും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേസപാക്കം സ്വദേശി വിഘ്നേശ്വരനെ ലഹരിയുമായി അറസ്റ്റ് ചെയ്തതിലൂടെയാണ് സിനിമാബന്ധമുള്ള ലഹരി സംഘങ്ങളിലേക്ക് അന്വേഷണമെത്തിയത്. ചോദ്യം ചെയ്യലില്‍ പോരൂരിനടുത്തുള്ള വെങ്കിടേഷ് കുമാറില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്ന് വിഘ്‌നേശ്വരൻ മൊഴി നല്‍കിയിരുന്നു.
ഇതോടെയാണ് മഫ്ടിയില്‍ ആവശ്യക്കാരനെന്ന വ്യാജേന ആന്റി നര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റ് വെങ്കിടേഷിനെ ബന്ധപ്പെട്ടത്. തുടർന്ന് വെങ്കിടേഷും സംഘവും ലഹരി നല്‍കുന്നതിനായി വലസരവാക്കത്തിന് സമീപത്ത് എത്തുകയായിരുന്നു. ഇവിടെവച്ചാണ് അന്വേഷണം സംഘം പ്രതികളെ പിടികൂടിയത്.
കാറില്‍ കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, കോവിലമ്പാക്കത്ത് അല്‍വി ബിൻഷ, വിൻസി നിവേത, അഞ്ജു കൃഷ്ണ എന്നിവരുണ്ടായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതികളില്‍ നിന്ന് ആറ് ഗ്രാം മെത്താഫിറ്റമിൻ, ഏഴ് ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, ഒരു സ്മോക്കിംഗ് ബോംഗ്, ഒരു സ്റ്റാമ്പ്, ഒമ്പത് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത ഫോണുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ ലഹരിമരുന്ന് ശൃംഖലയിലെ വമ്പൻ സ്രാവുകളെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
മോഡലിംഗിലൂടെയാണ് അഞ്ജു കൃഷ്ണ കരിയർ ആരംഭിക്കുന്നത്. വെള്ളിമലൈ എന്ന തമിഴ് ചിത്രത്തിലും ജോജു ജോർജ് നായകനായ മലയാള ചിത്രം ആരോയിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. ‘പ്രിയങ്കരി’ എന്ന ജനപ്രിയ സീരിയലിലും അഭിനയിച്ചിട്ടുണ്ട്.



