
ആറ്റിങ്ങല്‍: വിദ്യാർഥികള്‍ക്കും ഓട്ടോതൊഴിലാളികള്‍ക്കും മയക്കുമരുന്ന് വില്‍ക്കുന്നയാളെ ആണ് ആറ്റിങ്ങല്‍ പൊലീസ് പിടികൂടിയത്.കീഴാറ്റിങ്ങല്‍ വില്ലേജില്‍ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മിഭവൻ വീട്ടില്‍ മനോജാണ് (45) പിടിയിലായത്.പോലീസ് സ്റ്റേഷൻ പരിധിയിലെ കൊല്ലമ്പുഴ മുതല്‍ കോരാണി വരെയുള്ള വിവിധ സ്ഥലങ്ങളിലെ ഓട്ടോ സ്റ്റാൻഡുകള്‍ കേന്ദ്രീകരിച്ചും കോളജ് ഐ.ടി.ഐ വിദ്യാർഥികള്‍ക്കും ഇയാള്‍ ഫോണ്‍ മുഖേന ഓർഡർ സ്വീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരുകയായിരുന്നു.
ആറ്റിങ്ങല്‍ കരിച്ചിയില്‍ സ്വദേശിനിയായ കുട്ടി അടുത്തകാലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാവ് ആറ്റിങ്ങല്‍ പോലീസില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് 2.5 ഗ്രാം എം.ഡി.എം.എ, 70 ഗ്രാം കഞ്ചാവ് എന്നിവസഹിതം അവനവഞ്ചേരി കൈരളി ജങ്ഷനില്‍ നിന്ന് പ്രതി അറസ്റ്റിലായത്.
ആറ്റിങ്ങല്‍ എസ്.എച്ച്.ഒ ഗോപകുമാർ .ജി, എസ്.ഐമാരായ ജിഷ്ണു എം.എസ്, ബിജു എ. ഹക്ക്, എ.എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒമാരായ അനില്‍കുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരുദിവസം ശരാശരി 25000 രൂപയുടെ മയക്കുമരുന്ന് പ്രതി ചില്ലറവ്യാപാരം നടത്തി വന്നിരുന്നതായി പോലീസ് പറഞ്ഞു. മയക്കുമരുന്ന് തൂക്കിനല്കാനുപയോഗിക്കുന്ന ത്രാസും പോലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


