
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്‌ക്കു ചലച്ചിത്രമേഖലയില്‍ ചിലരുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവുകളുമായി പോലീസ്.
വിദേശത്തുനിന്ന് കോടികളുടെ എം.ഡി.എം.എ. എത്തിച്ച ‘ഡോണ്‍’ എന്ന സഞ്‌ജു കല്ലമ്പലവും (സൈജു) ചില താരങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫോണില്‍ കണ്ടെത്തിയതായി പോലീസ് വ്യക്‌തമാക്കി. സഞ്‌ജു കഴിഞ്ഞദിവസമാണു കല്ലമ്പലം പോലീസിന്റ പിടിയിലായത്.
സഞ്‌ജുവിന്റെ ഫോണില്‍നിന്നു ലഭിച്ച ചിത്രങ്ങള്‍ ‘തേരി മേരി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്ന് എടുത്തതാണെന്നു പോലീസ് പറയുന്നു.
ലഹരി ഉപയോഗത്തിനു പോലീസും എക്‌സൈസും ചോദ്യംചെയ്‌ത നടന്‍മാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ലഭിച്ചു. ഒമാനില്‍നിന്ന് രണ്ടുകോടി രൂപ വിലമതിക്കുന്ന ഒന്നരക്കിലോ എം.ഡി.എം.എ. എത്തിച്ച സഞ്‌ജു സംസ്‌ഥാനത്തും പുറത്തും മയക്കുമരുന്ന് വിറ്റിരുന്നതായാണ് പോലീസ് നിഗമനം. പലരില്‍നിന്ന് ലക്ഷങ്ങള്‍ അഡ്വാന്‍സ് വാങ്ങിയതിന്റെ തെളിവും ഇയാളുടെ ഫോണില്‍നിന്ന് കിട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടന്‍മാരുമായുള്ള ബന്ധത്തെക്കുറിച്ച് സഞ്‌ജു തൃപ്‌തികരമായ മറുപടി നല്‍കിയിട്ടില്ല. കാട്ടാക്കട സ്വദേശിയെ കാരിയറാക്കിയാണ് സഞ്‌ജു വിമാനത്താവളം വഴി ലഹരി പാഴ്‌സല്‍ കടത്തിയത്.
ഈവര്‍ഷം നാലുപ്രാവശ്യം വിദേശയാത്ര നടത്തിയ സഞ്‌ജുവിന് കോടികളുടെ ബിനാമി സമ്പാദ്യമുണ്ട്. രണ്ടുകോടിയോളം രൂപ ചെലവിലാണു കല്ലമ്പലം ഞെക്കാട് വീട് നിര്‍മിക്കുന്നത്. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളുടെ പേരിലാണ് ഈ വീട്. വര്‍ക്കലയില്‍ ഇയാള്‍ മൂന്ന് റിസോര്‍ട്ടുകള്‍ പാട്ടത്തിനെടുത്തതായും പോലീസിന് വിവരം ലഭിച്ചു. രണ്ട് തുണിക്കടകളും വര്‍ക്കലയില്‍ സഞ്‌ജുവിനുണ്ട്.
എം.ഡി.എം.എയുമായി അറസ്‌റ്റിലായ ഇന്‍സ്‌റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ റിന്‍സി മുംതാസിന്റെ സിനിമാ ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. ലഹരി കേസുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെ നാലുപേരെ ഫോണില്‍ വിളിച്ച് പോലീസ് വിവരങ്ങള്‍ തേടി. നാലുമാസത്തിലേറെയായി റിന്‍സിയെ ഇവര്‍ സ്‌ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. ഒരു സംവിധായകനെയും പോലീസ് ഫോണില്‍ ബന്ധപ്പെട്ടതായാണു സൂചന. എന്നാല്‍, സിനിമ പ്രമോഷന്റെ ഭാഗമായാണു റിന്‍സിയെ വിളിച്ചതെന്നാണു താരങ്ങള്‍ നല്‍കിയ മറുപടി.