കുറിപ്പടി ഇല്ലാതെ ചുമ മരുന്ന് വിറ്റാൽ കുടുങ്ങും; വ്യാപക പരിശോധനയ്ക്ക് തീരുമാനം; രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പ് നൽകരുതെന്ന് ഡ്രഗ്‌സ് കൺട്രോളറുടെ നിർദേശം

Spread the love

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ കഫ്‌സിറപ്പ് കഴിച്ചതിനു പിന്നാലെ കുട്ടികള്‍ മരിച്ചതിനെ തുടർന്ന് കർശന നിർദേശങ്ങളുമായി ഡ്രഗ്‌സ് കൺട്രോളർ വകുപ്പ്. സംസ്ഥന തലത്തിൽ വ്യാപക പരിശോധന നടത്താനാണ് നിലവിലെ തീരുമാനം. രണ്ടു വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പ് നൽകരുതെന്നും, ഒന്നിലധികം ചേരുവകളുള്ള ചുമ മരുന്ന് നൽകരുതെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

കുട്ടികളിൽ ചുമ മരുന്നിൻ്റെ ഉപയോഗം സംബന്ധിച്ച് സമീപ കാലത്ത് പുറത്തുവരുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ കാര്യക്ഷമവും സുരക്ഷിതവുമായ മരുന്നുകളുടെ ഉപയോഗം ഉറപ്പാക്കാനാണ് ഇത്തരം നടപടിയെന്ന് വകുപ്പ് അറിയിച്ചു. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ഇത്തരം ഫോർമുലേഷനുകൾ സാധാരണഗതിയിൽ നിർദേശിക്കാറില്ല. എന്നാൽ അതിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ ഉപയോഗിക്കേണ്ട സാഹചര്യം വരുമ്പോൾ ഡോക്ടർ നിർദേശിച്ച അളവിൽ മാത്രം ഉപയോഗിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ജിഎംപി സർട്ടിഫൈഡ് ആയിട്ടുള്ള നിർമാതാക്കളുടെ ഉൽപ്പന്നങ്ങൾ മാത്രമേ വിൽപ്പന നടത്താൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ മരുന്ന് വ്യാപാരികളും ഫാർമസിസ്റ്റുകളും മേൽ പറഞ്ഞ നിർദേശങ്ങൾ പാലിക്കണമെന്നും, മതിയായ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കൺട്രോളർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group