ലഹരി ഉപയോഗകേന്ദ്രമായി വൈക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ ശൗചാലയം; ലഹരി മാഫിയയിൽ കൂടുതൽ പ്രായപൂർത്തിയാകാത്തവരും യുവതികളും

Spread the love

വൈക്കം :വൈക്കം പ്രൈവറ്റ് ബസ്‌സ്റ്റാൻഡിന് സമീപത്തെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ ശൗചാലയം ലഹരി ഉപയോഗകേന്ദ്രമാക്കി ലഹരി മാഫിയ.

video
play-sharp-fill

അധികൃതർ പല തവണ കതക് താഴിട്ടുപൂട്ടി. കതകുതുറന്ന് ഉപയോഗശൂന്യമായ ശൗചാലയത്തിലേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതോടെ, ലഹരിസംഘം ശൗചാലയത്തിന്റെ കട്ടിള ഇളക്കിമാറ്റി. ശൗചാലയത്തിന് ഉൾവശം പുകയില, മറ്റ് ലഹരിപദാർഥങ്ങളുടെ കവറുകളും അവശിഷ്ടങ്ങളുംകൊണ്ട്‌ നിറഞ്ഞു കിടക്കുകയാണ്.

ലഹരി ഉപയോഗിക്കാനും വിൽപ്പനയ്ക്കായും യുവാക്കളും യുവതികളുമടക്കം നിരവധിപേരാണ് ഇവിടെ എത്തുന്നത്. മാസങ്ങൾക്ക് മുമ്പ് ഇവിടെ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന യുവാക്കളെ എക്‌സൈസ് പിടികൂടിയിരുന്നു. വൈകീട്ടും രാത്രിയിലുമാണ് ഇവിടെ സംഘം എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരി ഉപയോഗിച്ചതിന് ശേഷം ഇരുചക്രവാഹനത്തിലും കാറുകളിലുമായി സംഘം മടങ്ങുകയാണ് പതിവ്. സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ലഹരിസംഘം ഷോപ്പിങ് കോംപ്ലക്‌സിലെ കടക്കാർക്കും ശല്യമായി മാറിയിരിക്കുകയാണ്.

ശൗചാലയത്തിൽ വെള്ളം ഇല്ലാത്തതിനെ തുടർന്നാണ് ഉപയോഗശൂന്യമായത്. ഇതോടെ ഷോപ്പിങ് കോംപ്ലക്‌സിലെ കടകളിലെ യുവതികൾ തൊട്ടുസമീപത്തെ താലൂക്ക് ആശുപത്രി ശൗചാലയത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ്.