
തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും അടക്കം ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേരെ പോലീസ് പിടികൂടി. കണിയാപുരം തോപ്പിൽ ഭാഗത്തെ വാടകവീട്ടിൽനിന്നാണ് ഇവരെ ലഹരിമരുന്നുമായി പിടികൂടിയത്.
കിഴക്കേകോട്ട സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34) ബിഡിഎസ് വിദ്യാർഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27) നെടുമങ്ങാട് സ്വദേശി അസിം (29) കൊല്ലം സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അൻസിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി അസിമിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽ പോകുന്നതിനിടെ പോലീസ് പിടികൂടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇവർ പോലീസ് ജീപ്പിൽ കാറിടിപ്പിച്ചശേഷം കടന്നുകളഞ്ഞു. തുടർന്ന് ഇവർ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരത്തെത്തുടർന്നാണ് പോലീസ് വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളിൽനിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഹൈബ്രിഡ് കഞ്ചാവിന് ഗ്രാമിന് മൂവായിരം രൂപയോളമാണ് വില. പ്രതികളുടെ രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, പത്ത് മൊബൈൽഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
റൂറൽ എസ്പിയുടെ നിർദേശപ്രകാരം നാർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഓസ്റ്റിൻ, ഫയാസ്, ഗ്രേഡ് എസ് ഐമാരായ സതികുമാർ, അനൂപ്, സീനിയർ സിപിഒമാരായ ഉമേഷ് ബാബു, അനീഷ്, അഖിൽ, രാജേഷ്, രാജീവ്, റിയാസ്, ഷിജു, നന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.




