
സംസ്ഥാനത്ത് മയക്കു മരുന്നു ഇടപാടുകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നു ; കോട്ടയത്തെ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 16 സ്ത്രീകൾ എക്സൈസ് നിരീക്ഷണത്തിൽ
കൊച്ചി: സംസ്ഥാനത്ത് മയക്കു മരുന്നു ഇടപാടുകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ എക്സൈസ് വകുപ്പ് നിരീക്ഷണം കടുപ്പിക്കുന്നു. മയക്കുമരുന്ന് കേസുകളിൽ ആവർത്തിച്ച് കുറ്റവാളികളാകുന്ന 16 സ്ത്രീകൾ എക്സൈസ് നിരീക്ഷണത്തിൽ. എൻഡിപിഎസ്, അബ്കാരി ആക്റ്റുകൾ പ്രകാരം പതിവ് കുറ്റവാളികൾക്കെതിരായ നടപടിയുടെ ഭാഗമായി ഇവരെ നിരീക്ഷിച്ചുവരികയാണ്.
ഒന്നിലധികം എൻഡിപിഎസ് നിയമ ലംഘനങ്ങൾക്ക് ആവർത്തിച്ച് കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 497 പേരാണ് സംസ്ഥാനുള്ളത്. ഇവരിൽ 16 പേർ സ്ത്രീകളാണ്. ഓരോരുത്തരും 2 മുതൽ 11 വരെ മയക്കുമരുന്ന് വിൽപ്പന കേസുകളിൽ ഉൾപ്പെട്ടവരാണ്.
പാലക്കാട് സ്വദേശിയായ കവിതയാണ് ഏറ്റവും കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന്. 11 എൻഡിപിഎസ് കേസുകളിൽ കുറ്റക്കാരിയാണ് കവിത. കാസർക്കോട് സ്വദേശിയായ കൃതിക്കെതിരെ ഒൻപത് കേസുകളും പാലക്കാട് സ്വദേശിയായ സുമിത്ര എന്ന സ്ത്രീക്കെതിരെ ആറ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലത്ത് നിന്നുള്ള ആറ് സ്ത്രീകളും പാലക്കാട് നിന്നുള്ള മൂന്ന് സ്ത്രീകളും തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ത്രീകളും കോഴിക്കോട്, കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സ്ത്രീയും പട്ടികയിൽ ഉൾപ്പെടുന്നു. വർഷം തോറും ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയാണെങ്കിലും എറണാകുളത്ത് നിന്നുള്ള ഒരു സ്ത്രീയും പട്ടികയിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.
കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്ന് എന്നിവയുമായി ആവർത്തിച്ച് പിടിക്കപ്പെടുന്നവരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പട്ടിക വകുപ്പ് സൂക്ഷിക്കുന്നതായി ഒരു മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാൽ മയക്കുമരുന്ന് റാക്കറ്റുകൾ പല സ്ത്രീകളേയും കാരിയേഴ്സായി ഉപയോഗിക്കുകയാണ്. ഈ വ്യക്തികളെ എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ താമസ സ്ഥലം, തൊഴിലിടം എന്നിവയെല്ലാം നിരീക്ഷണത്തിലുണ്ട്.
2023 ലും 2024 ലും എക്സൈസ് വകുപ്പ് സംസ്ഥാനത്ത് യഥാക്രമം 8,104 ഉം 8,160 ഉം എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു. അനധികൃത മദ്യ ഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ട അബ്കാരി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ 20 സ്ത്രീകൾ ആവർത്തിച്ചുള്ള കുറ്റവാളികളുടെ പട്ടികയിൽ ഉണ്ട്.
കൊല്ലത്ത് നിന്നുള്ള ഒൻപത് സ്ത്രീകളും, തിരുവനന്തപുരത്ത് നിന്നുള്ള മൂന്ന് സ്ത്രീകളും, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സ്ത്രീകളും, പത്തനംതിട്ട, വയനാട്, കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സ്ത്രീകളുമാണ് ഈ പട്ടികയിലുള്ളത്. അബ്കാരി നിയമപ്രകാരം ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ മൊത്തം എണ്ണം 500 ആണ്.
രണ്ട് പട്ടികയിലും ഉൾപ്പെട്ട മൂന്ന് സ്ത്രീകളുണ്ട്. കൊല്ലത്ത് നിന്നുള്ള മൂന്ന് സ്ത്രീകളാണ് എൻഡിപിഎസ്, അബ്കാരി ആക്ട് വകുപ്പുകൾ പ്രകാരം കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ സ്ത്രീകൾ മയക്കുമരുന്ന് വിൽപ്പനയിലും സാമ്പത്തിക നേട്ടത്തിനായി നിയമവിരുദ്ധമായി മദ്യം ഉണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ആവർത്തിച്ചു കുറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു എക്സൈസ് വ്യക്തമാക്കി.