അരക്കിലോയോളം കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനല്‍ പിടിയില്‍
സ്വന്തം ലേഖകൻ
ചാലക്കുടി: അരക്കിലോയോളം കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍.
പോട്ട പനമ്പിള്ളി കോളേജിന് സമീപം താമസിക്കുന്ന വെട്ടുക്കല്‍ വീട്ടില്‍ ഷൈജു(32)വാണ് പിടിയിലായത്. മൂന്ന് വര്‍ഷം മുന്‍പ് പോട്ടയില്‍ ക്ഷേത്രോത്സവത്തിനിടയില്‍ സംഘര്‍ഷമുണ്ടായതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതിലും മലപ്പുറം ജില്ലയില്‍ അരങ്ങേറിയ നിരവധി ഹൈവേ കേന്ദ്രീകരിച്ചുള്ള കൊള്ളയടി കേസുകളിലുമടക്കം ഇരുപത്തിമൂന്നോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോട്ട, പനമ്പിള്ളി കോളേജ് പരിസരം, മേച്ചിറ, നായരങ്ങാടി മുതലായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി മയക്കുമരുന്ന് മറ്റും ലഭ്യമാകുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആഴ്ചകളായി ഷാഡോ പൊലീസ് സംഘം ഈ പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തി വരികയായിരുന്നു.
ഇതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ മുഖ്യ ലഹരി മരുന്ന് വില്‍പനക്കാരെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ് അരക്കിലോയോളം കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞയാഴ്ച ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥലങ്ങളില്‍ നിന്നായി കഞ്ചാവും എംഡിഎംഎയും പിടികൂടിയിരുന്നു.
പിടിയിലായ ഷൈജു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി വിചാരണ നേരിടുന്നയാളായതിനാല്‍ ഇയാളുടെ ജാമ്യമടക്കം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
ഷൈജുവിനെ വൈദ്യ പരിശോധനയും മറ്റും പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും.