അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് പതിനാലു വയസ്സുകാരനെ ലഹരിക്കടിമയാക്കിയ സംഭവം ; പ്രതിയായ മധ്യവയസ്കനെ കസ്റ്റഡിയിലെടുത്ത് പോലീസ്

Spread the love

എറണാകുളം : പതിനാലു വയസ്സുകാരനെ അമ്മൂമ്മയുടെ ആണ്‍സുഹൃത്ത്  ലഹരിക്കടിമയാക്കിയ സംഭവം, കേസിൽ  പ്രതിയായ മധ്യവയസ്കൻ  കസ്റ്റഡിയില്‍.

തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്സാണ്ടർ ആണ് പിടിയിലായത്. നിർബന്ധിപ്പിച്ച്‌ മദ്യവും ലഹരിവസ്തുക്കളും നല്‍കിയതിന് ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎൻഎസ് പ്രകാരവുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.

ഇക്കഴിഞ്ഞ ഡിസംബർ മുതലാണ് ഇയാള്‍ കുട്ടിയെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുതുടങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14-കാരന്റെ അച്ഛൻ വർഷങ്ങള്‍ക്കുമുൻപ് മരിച്ചു. അമ്മ രണ്ടാമത് വിവാഹം കഴിച്ച്‌ സമീപത്തുതന്നെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

അമ്മൂമ്മയ്ക്കൊപ്പമാണ് 14-കാരൻ വർഷങ്ങളായി കഴിയുന്നത്. വീട്ടുജോലി ചെയ്തു ജീവിക്കുന്നവരാണ് അമ്മൂമ്മയും കുട്ടിയുടെ അമ്മയും. അമ്മൂമ്മ ഇല്ലാത്ത സമയത്താണ് അമ്മൂമ്മയുടെ സുഹൃത്ത് ലഹരി നല്‍കിയത്. കുട്ടിയുടെ കൂട്ടുകാരനാണ് പതിനാലുകാരനെ ലഹരിക്കടിമയാക്കിയെന്ന വിവരം രണ്ടാനച്ഛനെ അറിയിച്ചത്. ഇതേത്തുടർന്ന് കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേർന്ന് വനിതാ സ്റ്റേഷനില്‍ പ്രവീണിനെതിരേ പരാതി നല്‍കി. കുട്ടിക്ക് കൗണ്‍സലിങ് നല്‍കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് പ്രതിക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രദേശത്തെ യുവാക്കള്‍ രംഗത്തുവരികയും മാധ്യമങ്ങളെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഇക്കഴിഞ്ഞ ഡിസംബർ 24-ന് വൈകീട്ടായിരുന്നു ആദ്യത്തെ സംഭവം. വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെ അമ്മൂമ്മയുടെ സുഹൃത്തായ പ്രവീണ്‍ മദ്യം കുടിക്കാൻ നിർബന്ധിക്കുകയും വേണ്ടെന്ന് പറഞ്ഞപ്പോള്‍ കഴുത്തില്‍ കത്തിവച്ച്‌ ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയുമായിരുന്നു. അത് കഴിച്ചതോടെ തലയ്ക്ക് ഭാരം കൂടുന്നതുപോലെ തോന്നി. ശാരീരിക ബുദ്ധിമുട്ടുകള്‍ വേറേയും. ഇക്കാര്യം പേടിച്ചിട്ട് ആരോടും പറഞ്ഞില്ലെന്നുമായിരുന്നു കുട്ടിയുടെ വെളിപ്പെടുത്തല്‍.

പിന്നീട് 14-കാരന്റെ ജന്മദിനത്തില്‍ വീട്ടില്‍വച്ച്‌ കഞ്ചാവ് വലിക്കാൻ നിർബന്ധിച്ചു. പലതവണ നിരസിച്ചു. ഒടുവില്‍ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു. ഇതോടെ ചുമ നിർത്താൻ പറ്റാതായി. പിറന്നാള്‍ദിവസം വീട്ടിലെത്തിയ കൂട്ടുകാരൻ മറന്നുവച്ച മൊബൈല്‍ ഫോണെടുക്കാൻ വന്നപ്പോള്‍ ചുമയ്ക്കുന്നതുകണ്ടു. അതേക്കുറിച്ച്‌ പിറ്റേന്ന് ചോദിച്ചപ്പോള്‍ കൂട്ടുകാരനോടാണ് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞത്. തുടർന്നാണ് കുട്ടിയുടെ മാതാവും രണ്ടാനച്ഛനും വിവരങ്ങള്‍ അറിഞ്ഞത്.

അതേസമയം ഒരു തവണ ലഹരിവാങ്ങാനും തന്നെ ഉപയോഗിച്ചുവെന്ന് കുട്ടി പറയുന്നു. ഇരുചക്രവാഹനത്തില്‍ വരാപ്പുഴയിലെത്തിച്ച്‌ അവിടെനിന്ന് വാങ്ങിയ പൊതി തിരികെ വീടുവരെ സൂക്ഷിക്കാൻ തന്നെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി.