
സ്വന്തം ലേഖകൻ
കോട്ടയം: മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് തൂക്ക്പാലത്തിനു ചുവട്ടിലിറങ്ങി കാണാതായ മൂന്നു വിദ്യാർത്ഥികൾ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. വടവാതൂർ കുന്നമ്പള്ളി കെ.കെ പ്രസാദിന്റെയും പരേതയായ ബിജിയുടെയും മകൻ അശ്വിൻ കെ.പ്രസാദിന്റെ മൃതദേഹമാണ് രാവിലെ എട്ടരയോടെ മീനച്ചിലാറ്റിൽ തൂക്കുപാലത്തിനു അടിയിൽ നിന്നും കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ചിങ്ങവനം കേളചന്ദ്രപറമ്പിൽ കെ.സി ചാക്കോയുടെയും സൂസമ്മയുടെയും മകൻ അലനും (17), മീനടം കൊടുവള്ളിമാക്കൽ കെ.സി ജോയിയുടെയും ഷീബയുടെയും മകൻ ഷിബിൻ ജേക്കബും (17) , അശ്വിനും അടങ്ങുന്ന ഏഴംഗ സംഘം ഇവിടെഎത്തിയത്. തുടർന്ന് ആറ്റിൽ കാൽ കഴുകാൻ ഇറങ്ങിയ വിദ്യാർത്ഥി സംഘത്തിലെ മൂന്നു പേർ വെള്ളത്തിൽ വീണ് കാണാതാകുകയയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലിൽപ്പറ്റിയ ചെളി കഴുകാൻ ഇറങ്ങിയ അശ്വിൻ കാൽ വഴുതി വെള്ളത്തിലേയ്ക്കു വീഴുകയും, തുടർന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടു പേരും വെള്ളത്തിൽ വീഴുകയുമായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിനിടെ വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, മതിയായ വെളിച്ചമില്ലാതെ വന്നതോടെ ഇന്നലെ വൈകിട്ട് ഏഴു മണിയോടെ അഗ്നിരക്ഷാ സേന തിരച്ചിൽ അവസാനിപ്പിച്ചു.
തുടർന്ന് ശനിയാഴ്ച രാവിലെ ആറരയോടെ തിരിച്ചിൽ പുനരാരംഭിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങളും മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ഉ്ച്ചയോടെ ബന്ധുക്കൾക്കു വിട്ടു നൽകും.