play-sharp-fill
മീനച്ചിലാറ്റിൽ കൈ കഴുകാനിറങ്ങിയ പത്താം ക്ലാസുകാരൻ മുങ്ങി മരിച്ചു; മരിച്ചത് പൊലീസുകാരന്റെ മകൻ

മീനച്ചിലാറ്റിൽ കൈ കഴുകാനിറങ്ങിയ പത്താം ക്ലാസുകാരൻ മുങ്ങി മരിച്ചു; മരിച്ചത് പൊലീസുകാരന്റെ മകൻ

സ്വന്തം ലേഖകൻ

കോട്ടയം: മീനച്ചിലാറ്റിൽ കൈകഴുകാനിറങ്ങിയ പത്താം ക്ലാസ് വിദാർത്ഥി വെള്ളത്തിൽ കാൽവഴുതി വീണ് മരിച്ചു. പൊലീസ് കൺട്രോൾ റൂമിലെ എ.എസ്.ഐ നട്ടാശേരി പുത്തേട്ട് അമ്പലക്കുന്നേൽ രാജേഷിന്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി ഋഷികേശാ(14)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. സൂര്യകാലടി മനയ്ക്കു സമീപത്തെ മാധവൻ കടവിൽ കൈകാലുകൾ കഴുകാനായാണ് ഋഷികേശ് ഇറങ്ങിയത്. സമീപത്തെ മൈതാനത്ത് സുഹൃത്തുക്കൾക്കൊപ്പം കളിച്ച ശേഷം കൈകാലുകൾ കഴുകുന്നതിനായാണ് ഋഷികേശ് എത്തിയത്. ഇതിനിടെ കാൽവഴുതി കുട്ടി വെള്ളത്തിൽ വീണു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി വെള്ളത്തിൽ ചാടി. എന്നാൽ, ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു വിവരം പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് അ്ഞ്ചരയോടെ ഇവിടെ നിന്നു മീറ്ററുകൾ മാത്രം അകലെയായി മൃതദേഹം കണ്ടെത്തി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മാർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്കു വിട്ടു നൽകും.നട്ടാശേരി എസ്.എച്ച്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ഋഷികേശ്. അമ്മ: സതി. സഹോദരന്‍: നന്ദികേശ്.