പാറമ്പുഴ ഡിപ്പോ കടവിൽ വെള്ളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു: മൃതദേഹം കണ്ടെത്തിയത് അരമണിക്കൂറിനു ശേഷം: മരിച്ചത് വയനാട് സ്വദേശിയായ യുവാവിനെ; വിളിച്ച് അരമണിക്കൂർ കഴിഞ്ഞിട്ടും അഗ്നിരക്ഷാ സേന എത്തിയില്ല

പാറമ്പുഴ ഡിപ്പോ കടവിൽ വെള്ളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു: മൃതദേഹം കണ്ടെത്തിയത് അരമണിക്കൂറിനു ശേഷം: മരിച്ചത് വയനാട് സ്വദേശിയായ യുവാവിനെ; വിളിച്ച് അരമണിക്കൂർ കഴിഞ്ഞിട്ടും അഗ്നിരക്ഷാ സേന എത്തിയില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാറമ്പുഴ ഡിപ്പോകടവിൽ മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഡെന്റൽകോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയുമായ വയനാട് സ്വദേശി വിഷ്ണുവിനെ(20)യാണ് മീനച്ചിലാറ്റിൽ കാണാതായത്. അരമണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം. സംഭവം നടന്ന് അരമണിക്കൂർ കഴിഞ്ഞാണ് അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തിയത്. അതുവരെയും ഗാന്ധിനഗർ പൊലീസും, നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയിരുന്നത്. വൈകിട്ട് ഏഴു മണിയോടെ ഇതേ കടവിൽ നിന്നു നൂറു മീറ്റർ മാറിയുള്ള സ്ഥലത്തു നിന്നു മൃതദേഹം കണ്ടെത്തി.
വൈകിട്ട് നാലരയോടെയാണ് വിഷ്ണുവും സുഹൃത്തുക്കളും അടങ്ങുന്ന പതിനൊന്നംഗ സംഘം ഇവിടെ എത്തിയത്. തുടർന്ന് ഇവർ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് വിഷ്ണു കാൽവഴുതി വെള്ളത്തിൽ വീണത്. നീന്താനിറങ്ങിയ വിഷ്ണു അടിയൊഴുക്കിൽപ്പെട്ടതാണെന്നു ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നു. ഇവിടെ അപകട മേഖലയാണെന്നു സമീപ വാസികൾ നിർദേശം നൽകിയിട്ടും ഇവർ വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് ഇവർ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വെള്ളത്തിൽ ചാടി പ്രാഥമിക തിരച്ചിൽ നടത്തി. എന്നാൽ, ഇവരെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി തിരച്ചിൽ നടത്തുകയായിരുന്നു. ഈ സമയത്തൊന്നും അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തിയിരുന്നില്ല. തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ അധികൃതരാണ് മൃതദേഹം കണ്ടെത്തിയത്. കടവിൽ നിന്നും അഞ്ഞൂറ് മീറ്റർ ദൂരെയായാണ് മൃതദേഹം കിടന്നിരുന്നത്. കരയ്‌ക്കെത്തിച്ച മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
സന്ധ്യമയങ്ങിത്തുടങ്ങിയതോടെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായിരുന്നു.. 64.5 ഓടെയാണ് അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തിയത്. മുൻപും പലതവണ ഇവിടെ അപകടമുണ്ടായിട്ടുണ്ട്. പാറമ്പുഴ വനം വകുപ്പിന്റെ ഡിപ്പോക്കടവ് യഥാർത്ഥത്തിൽ വിനോദ സഞ്ചാര കേന്ദ്രത്തിനു തുല്യമാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടു വിദ്യാർത്ഥികളാണ് ഇവിടെ മുങ്ങി മരിച്ചത്. പ്രദേശത്തെപ്പറ്റി അറിവില്ലാത്ത ആളുകൾ ഇവിടെ എത്തുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. ഇതേ തുടർന്ന് ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.