ഡ്രൈവിങ് പഠിക്കാനും, പഠിച്ചാലും വാഹനം റോഡിലിറക്കാനും പേടിച്ചുനില്‍ക്കുന്നവർക്ക് പോംവഴിയൊരുക്കി കെഎസ്‌ആർടിസി ഡ്രൈവിങ് സിമുലേറ്റർ സംവിധാനം: ഗെയിം കളിക്കുന്നതുപോലെ നാം ഓടിക്കുന്നരീതിയില്‍ വാഹനം നീങ്ങുന്നതായാണ് സ്ക്രീനിലൂടെ അനുഭവപ്പെടുക.

Spread the love

മാനന്തവാടി: ഡ്രൈവിങ് പഠിക്കാനും, പഠിച്ചാലും വാഹനം റോഡിലിറക്കാനും പേടിച്ചുനില്‍ക്കുന്നവർക്ക് പോംവഴിയൊരുക്കി കെഎസ്‌ആർടിസി ഡ്രൈവിങ് സിമുലേറ്റർ സംവിധാനം.
വയനാട് ജില്ലയിലെ ഏക കെഎസ്‌ആർടിസി ഡ്രൈവിങ് സ്കൂള്‍ പ്രവർത്തിക്കുന്ന മാനന്തവാടിയിലാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.

വാഹനങ്ങള്‍ റോഡിലിറക്കാതെ കാറിലിരുന്ന് ഡ്രൈവിങ്ങിന്റെ ആദ്യപാഠങ്ങള്‍ പഠിക്കാമെന്നതാണ് ഡ്രൈവിങ് സിമുലേറ്ററിന്റെ പ്രത്യേകത. ജില്ലയില്‍ ആദ്യമായി ആധുനികരീതിയിലുള്ള സിമുലേറ്റർ സംവിധാനമൊരുക്കിയതും കെഎസ്‌ആർടിസിയാണ്. വാഹനത്തില്‍ ഇരിക്കുന്ന അതേപ്രതീതിയാണ് ഡ്രൈവിങ് സിമുലേറ്ററിലില്‍ ഇരിക്കുമ്ബോള്‍ ലഭിക്കുന്നത്. ഗെയിം കളിക്കുന്നതുപോലെ നാം ഓടിക്കുന്നരീതിയില്‍ വാഹനം നീങ്ങുന്നതായാണ് സ്ക്രീനിലൂടെ അനുഭവപ്പെടുക.

18 ലക്ഷം രൂപ ചെലവുവരുന്ന സിമുലേറ്ററാണ് കെഎസ്‌ആർടിസി ഡ്രൈവിങ് സ്കൂളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഡ്രൈവ് ചെയ്യുന്നതിനാവശ്യമായ സ്റ്റിയറിങ്, ഗിയർ, ക്ലച്ച്‌, ബ്രേക്ക്, ആക്സിലറേറ്റർ, ഹാൻഡ്ബ്രേക്ക്, ഹോണ്‍ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
സി.കെ. മുസ്തഫ, സി.എ. ഷാജ് എന്നിവരാണ് ഡ്രൈവിങ് പരിശീലനം നല്‍കുന്നത്. ടി.കെ. ലിജീഷാണ് ഓഫീസ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പേടികൂടാതെ ഡ്രൈവിങ് പരിശീലനം നേടാൻ കെഎസ്‌ആർടിസി ഒരുങ്ങിയതോടെ ലൈസൻസ് ഒപ്പിച്ചെടുക്കാനായി കർണാടകയിലേക്കുള്ള ഓട്ടവും ഇനി കുറഞ്ഞേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെവിലൈസൻസ് നേടിയവർ 70 പേർ
ഒരുവർഷംമുൻപാണ് മാനന്തവാടിയില്‍ കെഎസ്‌ആർടിസി ഡ്രൈവിങ് പരിശീലനം തുടങ്ങിയത്. ആദ്യം ഹെവിവാഹനങ്ങള്‍ ഓടിക്കാനാണ് പരിശീലനം നല്‍കിത്തുടങ്ങിയത്. ഇതുവരെ 70 പേർ പരിശീലനം വിജയകരമായി പൂർത്തിയാക്കി ഹെവിലൈസൻസ് നേടി. ഇതിനുപിന്നാലെയാണ് ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും ഓടിക്കുന്നതിനുള്ള പരിശീലനം തുടങ്ങിയത്. 21 പേർ ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും ഓടിക്കാനുള്ള ലൈസൻസ് സമ്ബാദിച്ചു.

18 പേർ ഇപ്പോള്‍ പരിശീലനത്തിലാണ്. ഇവർക്ക് പഠനത്തിനാവശ്യമായ കംപ്യൂട്ടർ, ഇരിപ്പിടങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഹെവിവാഹനങ്ങള്‍, നാലുചക്രവാഹനങ്ങള്‍ എന്നിവയുടെ പരിശീലനത്തിനായി ഒമ്പതിനായിരം രൂപവീതമാണ് ഈടാക്കുന്നത്. 3500 രൂപയ്ക്ക് ഇരുചക്രവാഹന ലൈസൻസ് സ്വന്തമാക്കാം. 11,000 രൂപ നല്‍കിയാല്‍ ഇരുചക്രവാഹനത്തിന്റെയും നാലുചക്രവാഹനത്തിന്റെയും ലൈസൻസ് ഒന്നിച്ചെടുക്കാം. ഫീസിനത്തില്‍ ഗോത്രവിഭാഗത്തിന് 20 ശതമാനം ഇളവുണ്ട്.