ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച് മിനിറ്റുകൾക്കകം മോട്ടോർ വാഹന വകുപ്പ് ലൈസൻസ് റദ്ദ് ചെയ്തു; അപ്രതീക്ഷിത നടപടിയിൽ ഞെട്ടി യുവാവ്
സ്വന്തം ലേഖകൻ
കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് നൽകി മിനിറ്റുകൾക്കുള്ളിൽ റദ്ദ് ചെയ്ത് കേരളാ റോഡ് ട്രാൻസ്‌പോർട്ട് അധികൃതർ ഞെട്ടിച്ചു കളഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായതിന്റെ സന്തോഷം ഭാര്യയെ വിളിച്ചു പറഞ്ഞതാണ് യുവാവിന് വിനയായത്. ടെസ്റ്റ് പാസ്സായ സന്തോഷത്തിൽ എറണാകുളം സ്വദേശി അനിൽ കുമാർ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി ലൈസൻസ് കിട്ടും മുൻപെതന്നെ വാഹനമോടിച്ചുകൊണ്ടിരിക്കെ വിവരമറിയിക്കാൻ ഭാര്യയെ വിളിക്കുകയായിരുന്നു. ലൈസൻസ് നൽകിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.വി എൽദോ വർഗീസിന്റെ കണ്ണിൽപെട്ടതാണ് പണിയായത്. ഒട്ടും മടിക്കാതെ ഇൻസ്‌പെക്ടർ അനിലിന്റെ വാഹനത്തെ പിന്തുടർന്ന് വാഹനം നിർത്തിച്ച് താൻ നൽകിയ ലൈസൻസ് റദ്ദ് ചെയ്‌തെന്ന് മാത്രമല്ല കേസെടുത്ത് വൻ തുക പിഴ ഈടാക്കുകയും ചെയ്തു. ഇനി ഒരു വർഷം കാത്തിരിക്കേണ്ടി വരും അനിലിന് വണ്ടിയോടിക്കാൻ. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായ സന്തോഷ വാർത്ത വാഹനം ഓടിക്കുന്നതിനിടയിൽ ഫോണിൽ കൂടി സംസാരിച്ചതിനു കിട്ടിയ ശിക്ഷയാണിത്. സന്തോഷത്തിൽ മതിമറന്ന് യുവാവ് ലൈസൻസ് കിട്ടിയപ്പോൾ വലിയ ഒരു പരിചയമുള്ള ഡ്രൈവറെപോലെ മാറുകയായിരുന്നുവെന്നും ഇൻസ്‌പെക്ടർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഇത്തരം അശ്രദ്ധയാണ് അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നതെന്നും എൽദോ വർഗീസ് പറഞ്ഞു. ലൈസൻസിൽ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥന്റെ മുൻപിലൂടെയാണ് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് യുവാവ് കാറോടിച്ച് പോയത്. ടെസ്റ്റ് പാസ്സായപ്പോഴേ ഇങ്ങനെയാണെങ്കിൽ കുറച്ച് കഴിയുമ്പോൾ എന്താകും അവസ്ഥയെന്ന് ഉദ്യോഗസ്ഥർ യുവാവിനോട് ചോദിച്ചെങ്കിലും അനിലിന് മറുപടി ഉണ്ടായിരുന്നില്ല.