play-sharp-fill
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്തിലൂടെ മൊബൈൽഫോണിൽ സംസാരിച്ചാലും പിടിവീഴും

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്തിലൂടെ മൊബൈൽഫോണിൽ സംസാരിച്ചാലും പിടിവീഴും

കൊച്ചി: ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് വഴിയിലൂടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം നിയമവിരുദ്ധം. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷനിലാണ് ഈ വ്യവസ്ഥ. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ മാത്രമല്ല മറ്റൊരുവിധത്തിലുള്ള ആശയവിനിമയസംവിധാനങ്ങളും ഉപയോഗിക്കാന്‍ പാടില്ലെന്ന് 37-ാം ഭേദഗതിയില്‍ പറയുന്നു.

മൊബൈല്‍ഫോണ്‍ വാഹനങ്ങളുമായി ബന്ധിപ്പിച്ച്‌ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇവയില്‍ സെന്‍ട്രല്‍ കണ്‍സോളിലെ ടച്ച്‌ സ്‌ക്രീനിലൂടെ മൊബൈല്‍ഫോണ്‍ നിയന്ത്രിക്കാം. കോള്‍ചെയ്യാനും സ്വീകരിക്കാനും കഴിയും. മൊബൈല്‍ഫോണോ ഹെഡ്‌സെറ്റോ എടുക്കാതെ സംസാരിക്കാം. വാഹനത്തിലെ സ്റ്റീരിയോസംവിധാനം ഇതിനുപയോഗിക്കാം. ഇതും അപകടങ്ങള്‍ക്കിടയാക്കും. ഫോണ്‍ ചെയ്യണമെങ്കിലോ സ്വീകരിക്കണമെങ്കിലോ ഡ്രൈവര്‍ ടച്ച്‌ സ്‌ക്രീനില്‍ കൈയെത്തിക്കണം. സ്‌ക്രീനില്‍നിന്ന് വിളിക്കേണ്ടയാളിന്റെ പേര് കണ്ടെത്തണം. ഈ ശ്രദ്ധ തിരിയില്‍ അപകടകരമാണെന്നാണ് വിലയിരുത്തല്‍.

കാറുകള്‍ക്ക് ഉള്ളിലെ റിയര്‍വ്യൂമിററില്‍ ഘടിപ്പിക്കുന്ന സ്‌ക്രീനില്‍ വാഹനമോടുന്ന സമയത്ത് ഡ്രൈവറുടെ ശ്രദ്ധതിരിക്കും വിധം വീഡിയോ പ്രദര്‍ശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ജി.പി.എസ് ഉപയോഗിക്കുന്നതിന് മാത്രമാണ് ഇളവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഇതു സംബന്ധിച്ച്‌ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. 2019-ലെ കേന്ദ്രമോട്ടോര്‍വാഹനനിയമഭേദഗതിയില്‍ ഡ്രൈവിങ്ങിനിടെ നേരിട്ട് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിലക്കി. ഭേദഗതിയിലെ ‘നേരിട്ടെന്ന’ പ്രയോഗമാണ് ബ്ലൂടൂത്ത്, ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന വാദത്തിന് ഇടയാക്കിയത്.

മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിച്ചതില്‍ കേസ് എടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം.ജെ.സന്തോഷ് ഹർജി നൽകിയിരുന്നു. എന്നാൽ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് കോടതി വിധിച്ചത്. മൊബൈലില്‍ ചില വിവരങ്ങള്‍ കേള്‍ക്കുമ്പോള്‍ വാഹനമോടിക്കുന്ന ആളുടെ ശ്രദ്ധ മാറുമെന്നും അത് അപകടത്തിന് കാരണമാവുമെന്നുള്ള വാദം കോടതി പാടെ തള്ളി. അങ്ങനെയെങ്കില്‍ വാഹനങ്ങളിലെ റേഡിയോയില്‍ ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും ഇതു സംഭവിക്കാമല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിനെല്ലാം വ്യക്തത വരുത്തുന്നതാണ് കേന്ദ്ര നിയമം.