
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ചാടി പോയ സംഭവത്തിൽ നാല് പൊലീസുകാർക്കെതിരെ നടപടി. അന്ന് ജോലിയിലുണ്ടായ നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
സ്പെഷ്യൽ ബ്രാഞ്ച് എസിപി യുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ഡിസംബർ 29-ന് രാത്രിയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിനീഷ് രക്ഷപ്പെട്ടത്. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാളെക്കുറിച്ച് ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഒരു സിസിടിവിയിലും പതിയാതെ എങ്ങനെ ഇയാൾ നഗരം വിട്ടുപോയി എന്നതാണ് പൊലീസിനെ കുഴക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെല്ലിലും ജയിലിലും പൊതുവേ അക്രമസ്വഭാവം കാണിക്കുന്ന സ്വഭാവക്കാരനാണ് വിനീഷ് എന്ന് അന്വേഷണസംഘം തന്നെ സമ്മതിക്കുന്നു.
പിടിക്കപ്പെട്ടില്ലെങ്കിൽ ദൃശ്യയുടെ അടുത്ത ബന്ധുക്കൾക്കുപോലും ഭീഷണിയാണെന്ന് പൊലീസ് റിപ്പോർട്ടും നിലവിലുണ്ട്. ദൃശ്യയുടെ അമ്മയും സഹോദരിയും താമസിക്കുന്ന സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് പൊലീസിൻ്റെ നിർദേശത്തെ തുടർന്ന് പെരിന്തൽമണ്ണ, മഞ്ചേരി എന്നീ സ്റ്റേഷനുകളുടെ സഹായത്തോടെ വിനീഷിന്റെ വീട്, ബന്ധുവീടുകൾ, ദൃശ്യയുടെ വീട്, സമീപവീടുകൾ എന്നിവിടങ്ങളിലെല്ലാം മഫ്തിയിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇവിടങ്ങളിലൊന്നും വിനീഷ് എത്തിയില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
2021ൽ പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിയായ ദൃശ്യയെ(21) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിനീഷ് ജയിലിലായത്.
പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷം വീട്ടിൽ അതിക്രമിച്ചുകയറി കിടപ്പുമുറിയിൽനിന്ന് ദൃശ്യയെ കുത്തിവീഴ്ത്തുകയായിരുന്നു. റിമാൻഡിലായ വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. 2022-ലും പ്രതി കുതിരവട്ടത്തുനിന്ന് ചാടിപ്പോയിരുന്നു. അന്ന് കർണാടകയിലെ ധർമസ്ഥലയിൽനിന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.



