
ഡല്‍ഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വർദ്ധിക്കുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി.
കുപ്പിവെള്ളത്തിന്റെ വില വർദ്ധിപ്പിക്കാൻ ബിസ്‌ലെരി അടക്കമുള്ള കമ്പനികള്‍ തീരുമാനിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം ഉടലെടുത്ത സാഹചര്യത്തില്‍ പ്ലാസ്റ്റിക് കുപ്പികളുടെയും മൂടികളുടെയും വില കുതിച്ചുയർന്നതാണ് കമ്പനികളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.
ഇന്ത്യയില്‍ കുപ്പിവെള്ളത്തിന്റെ വില 11 ശതമാനത്തോളം വർദ്ധിക്കുമെന്നാണ് സൂചന. എണ്ണവിലയിലെ വർദ്ധനവ് പോളിമറിന്റെ വില വർദ്ധിപ്പിക്കുന്നതിനാല്‍ വിപണി ഞെരുക്കത്തിലാണ്. പ്ലാസ്റ്റിക്ക് കുപ്പി നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളില്‍ ഒന്നാണ് പോളിമർ. ഇന്ത്യയിലെ ഏറ്റവും വലിയ കുപ്പിവെള്ള നിർമ്മാണ കമ്പനിയാണ് ബിസ്‌ലെരി. കുപ്പിവെള്ള വിപണിയുടെ മൂന്നിലൊന്ന് നിയന്ത്രിക്കുന്നത് ബിസ്‌ലെരിയാണ്. വില വർദ്ധനവ് നടപ്പിലാക്കിയതോടെ ഒരു ലിറ്റർ വീതമുള്ള 12 കുപ്പികളുള്ള ഒരു പെട്ടിയുടെ വില ഇപ്പോള്‍ 240 രൂപയായി. നേരത്തെ ഇത് 216 രൂപയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിസ്‌ലേരിക്ക് പുറമെ പാർലെ അഗ്രോയുടെ ‘ബെയ്ലി’ ബ്രാൻഡും വില വർധിപ്പിച്ചിട്ടുണ്ട്. ടാറ്റ, റിലയൻസ്, കൊക്കക്കോള, പെപ്സി തുടങ്ങിയ വമ്പൻമാരും സമാനമായ നീക്കത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്ര സർക്കാർ കുപ്പിവെള്ളത്തിന്മേലുള്ള ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. സാധാരണക്കാർക്ക് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. എന്നാല്‍ നിലവിലെ ഉല്‍പ്പാദന ചെലവ് വർദ്ധന ഈ നികുതി ഇളവിനേക്കാള്‍ കൂടുതലായതിനാല്‍ കമ്പനികള്‍ വില കൂട്ടാൻ നിർബന്ധിതരാകുകയായിരുന്നു.
ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍ 70 ശതമാനവും ആശ്രയിക്കുന്ന ഭൂഗർഭജലം മലിനമാണെന്ന റിപ്പോർട്ടുകള്‍ നിലനില്‍ക്കെ ശുദ്ധമായ കുടിവെള്ളത്തിനായി കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവർക്ക് ഈ വിലവർധനവ് കാര്യമായി ബാധിക്കും. ഏകദേശം 5 ബില്യണ്‍ ഡോളർ മൂല്യമുള്ളതാണ് ഇന്ത്യയിലെ കുപ്പിവെള്ള വിപണി. ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞില്ലെങ്കില്‍ കുപ്പിവെള്ള വില ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്.



