ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലയ്ക്കു മുന്നിൽ നീണ്ട ക്യൂ: ബാറുകളിലും ബിവറേജിലും തിരക്കേറുന്നു; റേഷൻ കടയിൽ അരിവാങ്ങാൻ ക്യൂ നിൽക്കാത്ത മലയാളി കള്ളു വാങ്ങാൻ നീണ്ടു നിവർന്നു നിൽക്കുന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ തുറന്നതിനു പിന്നാലെ ജില്ലയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകൾക്കും ബാറുകൾക്കും മുന്നിൽ വൻ തിരക്ക്. ബാറുകലിലെ മദ്യ വിതരണത്തിനുള്ള ആപ്ലിക്കേഷൻ തയ്യാറാകാത്തതാണ് ഇപ്പോൾ മദ്യവിതരണത്തിനു പ്രശ്‌നമുണ്ടാക്കിയത്. എന്നാൽ, സർക്കാരിന്റെ അനുമതി ലഭിച്ചിട്ടും ചില ബാറുകൾക്കു ഇനിയും മദ്യം നൽകുന്നതിനുള്ള ആപ്ലിക്കേഷനിൽ ഇടം പിടിക്കാൻ സാധിച്ചിട്ടില്ല.
വ്യാഴാഴ്ച രാവിലെ ഒൻപതു മണിമുതലാണ് സംസ്ഥാനത്തെ ബാറുകളിലും ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ വഴിയും മദ്യവിതരണം ആരംഭിച്ചത്. ബിവറേജസ് കോർപ്പറേഷനു വേണ്ടി ക്യൂ നിയന്ത്രിക്കുന്നതിനുള്ള ബിവ്ക്യൂ എന്ന ആപ്ലിക്കേഷൻ വഴിയാണ് മദ്യശാലകൾക്കു മുന്നിലെ ക്യൂ നിയന്ത്രിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യൂവിന്റെ അടിസ്ഥാനത്തിൽ രാവിലെ ആളുകൾ മദ്യം വാങ്ങാൻ ബാറുകൾക്കു മുന്നിൽ എത്തിയെങ്കിലും പല ബാറുകളിലും ഇതിനുള്ള ക്രമീകരണങ്ങൾ ആയിരുന്നില്ല. ഇതേ തുടർന്നാണ് ജില്ലയിലെ മദ്യശാലകൾക്കു മുന്നിൽ വലിയ ക്യൂ രൂപപ്പെട്ടത്. നഗരമധ്യത്തിൽ കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷനു സമീപത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയ്ക്കു മുന്നിലായിരുന്നു ഏറ്റവും വലിയ ക്യൂ.
ചില ബാറുകലിൽ രാവിലെ ഒൻപതു മുതൽ വിൽപ്പന ആരംഭിക്കണമെന്ന നിർദേശം ലഭിച്ചിരുന്നെങ്കിലും 11 മണിയോടെയാണ് വിൽപ്പന ആരംഭിക്കാനായത്. പല ബാറുകളും മദ്യ വിൽപ്പനയ്ക്കു അപേക്ഷ നൽകിയിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നം കാരണം മദ്യ വിൽപ്പന ആരംഭിക്കാൻ സാധിച്ചിട്ടില്ല. ബിവ്ക്യൂ എന്ന ആപ്ലിക്കേഷനിൽ ഇവരുടെ സ്ഥാപനത്തിന്റെ പേരില്ലാതിരുന്നതിനെ തുടർന്നാണ് മദ്യവിൽപ്പന ആരംഭിക്കാൻ വൈകിയത്.
ഇതിനിടെ മദ്യശാല ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നിലവിൽ സംവിധാനം ഇല്ലെന്നതാണ് ആപ്പിന്റെ പ്രധാന പോരായ്മയായി പറയുന്നത്. തങ്ങൾക്കു ഇഷ്ടമുള്ള മദ്യശാല ഏത് എന്നു തിരഞ്ഞെടുക്കുന്നതിനു നിലവിൽ സംവിധാനം ഒന്നും ആപ്പിൽ ഇല്ല. ഈ സാഹചര്യത്തിൽ ആപ്ലിക്കേഷനിൽ കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കിയില്ലെങ്കിൽ മദ്യവിപണനം കൂടുതൽ പ്രതിസന്ധിയിലാകും.