വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസം; തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാക്കില്ല
സ്വന്തം ലേഖിക
ന്യൂഡൽഹി: തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാക്കില്ല.
ഇത് നടപ്പിലാക്കുന്നത് മാറ്റിവെക്കാനാണ് കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡൽഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. 46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം അടക്കം നിരവധി സംസ്ഥാനങ്ങള്‍ നികുതി വര്‍ധനയ്ക്കെതിരെ നിലപാടെടുത്തിരുന്നു.
ജി എസ് ടി കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഇതോടെയാണ് ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വര്‍ദ്ധിപ്പിച്ച നികുതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരുത്തേണ്ടെന്ന തീരുമാനം.
നികുതി 12 ശതമാനമായി വര്‍ദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വര്‍ദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ഈ വിഷയത്തില്‍ സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടന്നിരുന്നു. നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്.
ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടുമെന്നതിനാല്‍ പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം.
സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വസ്ത്ര വ്യാപാരികളാണ് ജിഎസ്ടി പരിഷ്ക്കാരം മൂലം പ്രതിസന്ധി നേരിടാന്‍ പോകുന്നതെന്നായിരുന്നു വ്യാപാരികള്‍ പറയുന്നത്. ഇവരെ ആശ്രയിച്ച് കഴിയുന്ന രണ്ടുലക്ഷം കുടുംബങ്ങളും പട്ടിണിയിലാകും.
75 വര്‍ഷമായി തുണിത്തരങ്ങള്‍ക്ക് ഇങ്ങനെയൊരു നികുതി ചുമത്തിയിട്ടില്ല. ഇതൊഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെടണമെന്നും വ്യാപാരികള്‍ പറഞ്ഞിരുന്നു.