
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരത്തിലടക്കം ജനവാസകേന്ദ്രങ്ങളില്‍ പാമ്പുകളെത്തിയാല്‍ ആദ്യം വിളിയെത്തുന്നവരില്‍ ഒരാളാണിപ്പോള്‍ വിശാല്‍.
മാളം വിട്ടിറങ്ങുന്ന പാമ്പുകളെ പിടികൂടാന്‍ വനംവകുപ്പിന്‍റെ ശാസ്ത്രീയ പരിശീലനം നേടി രംഗത്തുള്ള സന്നദ്ധപ്രവര്‍ത്തകരിലെ ഡോക്ടർ. കോട്ടയം തിരുവാര്‍പ്പ് സ്വദേശിയായ വിശാല്‍ സോണിയാണ് നാട്ടുകാരുടെ ‘പാമ്പ് ഡോക്ടറായി’ മാറിയത്. ആയുര്‍വേദ ഡോക്ടറായ വിശാല്‍ ഒരുവര്‍ഷമായി പാമ്പ് പിടിക്കാന്‍ രംഗത്തുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പുകളോടുള്ള പേടി മാറ്റാന്‍ ലക്ഷ്യമിട്ടാണ് വനംവകുപ്പ് പരിശീലനത്തില്‍ പങ്കെടുത്തതെന്ന് വിശാല്‍ പറയുന്നു. പരിശീലനം പൂര്‍ത്തിയായതോടെ പാമ്പിനെ പിടിക്കാന്‍ കഴിയുമെന്നായി. നാട്ടുകാര്‍ക്ക് സഹായം കൂടിയാണല്ലോയെന്ന ചിന്തയോടെ രംഗത്ത് സജീവമാകുകയായിരുന്നു -വിശാല്‍ പറയുന്നു.
ഇപ്പോഴും പാമ്പുകളോടുള്ള പേടി പൂര്‍ണമായി മാറിയിട്ടില്ല. അല്‍പം പേടി നല്ലതാണ്. ഇതുമൂലം കൂടുതല്‍ ശ്രദ്ധിക്കും. ചെറിയ അശ്രദ്ധയുണ്ടായാല്‍പോലും അപകടം സംഭവിക്കാം -അദ്ദേഹം പറയുന്നു.
കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരക്കാട്ട് മഠത്തില്‍ വിശാല്‍ ഇതുവരെ 32 പാമ്പുകളെയാണ് പിടികൂടി വനംവകുപ്പിന് കൈമാറിയത്. ഇതില്‍ 11 പെരുമ്പാമ്പും പത്ത് മൂര്‍ഖനും ഉള്‍പ്പെടുന്നു.
കോട്ടയം ജില്ലയില്‍ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനത്തില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ആദ്യബാച്ചുകാരില്‍ ഒരാളാണ് ഈ ഡോക്ടര്‍. സംസ്ഥാനതലത്തിലെ സന്നദ്ധപ്രവര്‍ത്തകരില്‍ ഏക ഡോക്ടറും വിശാലാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
സ്നേക് ഹുക്ക്, റെസ്ക്യൂ ബാഗ് എന്നിവ ഉപയോഗിച്ചാണ് പാമ്പ് പിടുത്തം. കൂടുതലായി വനംവകുപ്പ് അറിയിക്കുന്നതനുസരിച്ചാണ് പാമ്പുകളെ പിടികൂടുന്നതെന്ന് വിശാല്‍ പറയുന്നു. ഇപ്പോള്‍ നാട്ടുകാരടക്കം നേരിട്ട് വിളിക്കാറുണ്ട്.
സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമായ വിശാലിന്‍റെ പഠനം പന്തളം മന്നം ആയുര്‍വേദ കോളജിലായിരുന്നു. വീട് കേന്ദ്രീകരിച്ച് ആയുര്‍വേദ ചികിത്സയും നടത്തുന്നതിനൊപ്പം രക്തദാനമടക്കമുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ്. നാട്ടുകാരെ ഭയത്തിലാഴ്ത്തുന്ന പാമ്പുകളെ പിടികൂടിക്കഴിയുമ്പോള്‍ അവരുടെ മുഖത്ത് തെളിയുന്ന ആശ്വാസവും സ്നേഹവും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും വിശാല്‍ പറയുന്നു. മനുഷ്യവാസ കേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടുക, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അവയെ എത്തിക്കുക ലക്ഷ്യങ്ങളോടെയാണ് വനംവകുപ്പ് പരിശീലനം നല്‍കി സന്നദ്ധപ്രവര്‍ത്തകരെ സജ്ജമാക്കിയത്.
പാമ്പുകളുടെ സംരക്ഷണവും ബോധവത്കരണവും ലക്ഷ്യമിട്ട് വനംവകുപ്പ് രൂപംനല്‍കിയ സര്‍പ്പ ആപ് (സ്‍നേക് അവയര്‍നസ് റെസ്ക്യൂ ആന്‍ഡ് പ്രൊട്ടക‍്ഷന്‍ ആപ്) ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ആപ്പില്‍ പരിശീലനം നേടിയവരുടെ നമ്പറും പേരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നമ്പറില്‍ ഇവരുമായി ബന്ധപ്പെടാം. വിവരം ലഭിക്കുന്നമുറക്ക് അടുത്തുള്ള പാമ്പ് പിടുത്തക്കാരന്‍ സഹായത്തിനെത്തും. പിടികൂടുന്ന പാമ്പിനെ ഇവര്‍ വനംവകുപ്പിന് കൈമാറും. ഇവര്‍ ഉള്‍വനങ്ങളില്‍ ഇവയെ ഉപേക്ഷിക്കും.