
കോട്ടയം: ഇന്നും മകളുടെ ഓർമ്മയിൽ ജീവിക്കുന്ന രണ്ട് സാധുജന്മങ്ങൾ. അവർക്ക് ഇനി മുന്നോട്ടുള്ള ജീവിതം ഓർമ്മകൾ മാത്രം നിറഞ്ഞതാണ്.
മുട്ടുചിറ നമ്പിച്ചിറക്കാലായിലെ വീടിനോടു ചേർന്ന് ഡോ.വന്ദനാദാസ് ഉറങ്ങുന്ന മണ്ണിന് ചുറ്റും ഇന്ന് തുളസിച്ചെടികളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. മഴയും വെയിലുമേല്‍ക്കാതെ മേല്‍ക്കൂരയുമൊരുക്കിയിട്ടുണ്ട്. വെള്ളമൊഴിച്ചും കാടുപറിച്ചും ചെടികളെ മകളെപ്പോലെ പരിപാലിക്കുന്ന രണ്ട് സാധുജന്മങ്ങള്‍.
മുറ്റത്തെ അസ്ഥിത്തറയിലെ വിളക്ക് ഒരിക്കല്‍പ്പോലും തെളിയാതിരുന്നിട്ടില്ല. മാഞ്ഞുപോയിട്ട് മാസം പത്തായെങ്കിലും ചെറുകാറ്റില്‍ പോലും നിറയുന്നത് വന്ദനയുടെ ഓർമ്മകളാണ്. വന്ദന പോയെന്ന യാഥാർത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല അച്ഛൻ കെ.ജി. മോഹൻദാസിനും അമ്മ വസന്തകുമാരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്ദനയുടെ മുറി നിത്യസ്മാരകം പോലെയുണ്ട്. വാതില്‍ തുറക്കുമ്പോള്‍ മേശപ്പുറത്ത് ഡോ.വന്ദനാദാസെന്ന് എഴുതിയ ഫോട്ടോയ്ക്ക് ചുറ്റും പനിനീർപ്പൂക്കള്‍. അരികില്‍ എന്നും തിരിയിട്ട് കത്തിക്കുന്ന വിളക്ക്. ഇഷ്ടപ്പെട്ട മിഠായികള്‍.
വന്ദനയുടെ മൂന്ന് വാച്ചുകള്‍ ലാപ് ടോപ്പിന് മുകളിലുണ്ട്. അസീസിയ മെഡിക്കല്‍ കോളേജിന്റെ പേരെഴുതിയ വെള്ള കോട്ട് ഹാംഗറില്‍. അതിനോടു ചേർന്ന് വന്ദനയുടെ സ്‌റ്റെതസ്‌കോപ്പ്. അലമാരി നിറയെ അടുക്കിവച്ച തുണികള്‍. മുറിയില്‍ വന്ദനയുടെ വിവിധ ചിത്രങ്ങള്‍. എന്നിങ്ങനെയാണ് ആ മുറി ഒരുക്കിയിരിക്കുന്നത്.
വന്ദന കൊല്ലപ്പെട്ട് നാളുകള്‍ക്കുശേഷമാണ് അസീസിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് സാധനങ്ങള്‍ വീട്ടിലേക്ക് എത്തിച്ചത്. വന്ദനയ്ക്കു വേണ്ടിയുള്ള വഴിപാടുകളൊന്നും ഇപ്പോഴും മുടക്കിയിട്ടില്ല. മകളോടൊപ്പം പോകണമെന്ന് കരുതിയ ക്ഷേത്രങ്ങളിലെല്ലാം ഇതിനോടകം ഇരുവരും സന്ദർശിച്ചു. സി.ബി.ഐ അന്വേഷണം തള്ളിയ ഹൈക്കോടതി വിധി വന്ന ദിവസവും ഇരുവരും വഴിപാടുമായി മധുരക്ഷേത്രത്തിലായിരുന്നു. സി.ബി.ഐ വരണം, കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണം. അതിനായി പോരാട്ടം തുടരുമെന്നാണ് മാതാപിതാക്കളുടെ നിലപാട്.