play-sharp-fill
പ്രശസ്ത ഫോറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ.ബി ഉമാദത്തൻ അന്തരിച്ചു

പ്രശസ്ത ഫോറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ.ബി ഉമാദത്തൻ അന്തരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രശസ്ത ഫോറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തൻ(73) അന്തരിച്ചു. ഇന്ന് രാവിലെ ഒൻപതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിരുവനന്തപുരത്തെ കരിക്കകത്തെ വസതിയിൽ വ്യാഴാഴ്ച രാവിലെ 11ന് നടക്കും.1946 മാർച്ച് 12ന് സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ. കെ. ബാലരാമപ്പണിക്കരുടെയും പവർകോട് ജി. വിമലയുടെയും മകനായാണ് ഉമാദത്തൻ ജനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസും എം.ഡിയും പാസായി. 1969ൽ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു.തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, മെഡിക്കൽ കോളേജുകളിൽ പ്രൊഫസറും വകുപ്പ് തലവനും പൊലീസ് സർജനുമായിരുന്നു. പല കൊലപാതകകേസുകളും കുറ്റകൃത്യങ്ങളും കണ്ടെത്താൻ അദ്ദേഹത്തിന്റെ സേവനം പൊലീസിനെ സഹായിച്ചു. ഗവ മെഡിക്കോ ലീഗൽ എക്‌സ്‌പെർട്ട് ആൻഡ് കൺസൾട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗൽ ഉപദേശകൻ, ലിബിയ സർക്കാരിന്റെ മെഡിക്കോ ലീഗൽ കൺസൾട്ടന്റ് തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചു.പൊലീസ് സർജന്റെ ഓർമ്മകുറിപ്പുകൾ, ക്രൈം കേരളം, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം തുടങ്ങി നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധമായ ഗ്രന്ഥങ്ങളും രചിച്ചു. പത്മകുമാരിയാണ് ഭാര്യ. മക്കൾ: യു. രാമനാഥൻ, ഡോ. യു.വിശ്വനാഥൻ. മരുമക്കൾ: രൂപാ, റോഷ്‌നി.