സിസേറിയൻ വഴി കീറിയെടുത്ത കുഞ്ഞ് ആദ്യം കാണുന്നത് അമ്മയുടെ രക്തം ഇറ്റ് വീഴുന്ന കത്തി പിടിച്ച ഡോക്ടറെ ; സമൂഹത്തിൽ അക്രമികളാകുന്നത് സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങളെന്ന് മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ്ബ് ;തെറ്റിദ്ധാരണ പടർത്തരുതെന്ന് ഡോ.ഷിംന അസീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം : മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് എഴുതിയ ലേഖനനത്തിലെ വിഡ്ഢിത്തങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യപ്രവർത്തക ഡോ.ഷിംന അസീസ്.അധ്യാപകരെയും സഹപാഠികളെയും വെടിവെക്കുകയും അക്രമിക്കുകയും ചെയ്യുന്ന കുട്ടികൾ സിസേറിയനിലൂടെ വയറുകീറി പുറത്തെടുത്തവരാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നായിരുന്നു അലക്സാണ്ടർ ജേക്കബിന്റെ കണ്ടെത്തൽ.
സിസേറിയനെതിരെയുള്ള മുൻ ഡി ജി പി യുടെ പ്രസ്താവനക്കെതിരെയാണ് ഡോ.ഷിംന അസീസ് തന്റെ ഫേസ്ബുക് പോസ്റ്റിൽ എഴുതിയത്.സിസേറിയൻ വഴി കീറിയെടുത്ത കുഞ്ഞ് ആദ്യം കാണുന്നത് അമ്മയുടെ രക്തം ഇറ്റ് വീഴുന്ന കത്തി പിടിച്ച ഡോക്ടറെയാണ്, അത് കുഞ്ഞിന്റെ സ്വഭാവത്തെ ബാധിക്കുമെന്ന് അലക്സാണ്ടർ ജേക്കബ് ലേഖനത്തിൽ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കയിലെയും ഫ്രാൻസിലെയും കുഴപ്പക്കാരായ കുട്ടികളിൽ പലരും സിസേറിയിനിലൂടെ ജനിച്ച കുഞ്ഞുങ്ങളാണെന്ന് പഠനങ്ങളിൽ പറയുന്നു എന്നും അദ്ദേഹത്തിന്റെ ലേഖനത്തിലുണ്ട്. ഈ പ്രസ്താവന വിടുവായത്തരമാണെന്ന് ഡോ.ഷിംന പറയുന്നു.
സിസേറിയനായാലും പ്രസവമായാലും കുഞ്ഞ് പുറത്ത് വരുന്നത് ഡോക്ടർ വലിച്ച് പുറത്തേക്കെടുക്കുമ്പോഴാണ്. അന്നേരം കത്തി ഡോക്ടറുടെ കൈയിലില്ല. (സാധാരണ രീതിയിൽ പ്രസവിക്കുമ്പോൾ ഡോക്ടർ മാലയും ബൊക്കെയുമായി നിൽക്കുമെന്നാണോ ‘തള്ള് ഡോക്ടറുടെ’ ധാരണ?).
രണ്ടാമത്, ജനിക്കുമ്പോൾ ‘കണി’ കാണുന്നത് അനുസരിച്ചല്ല ഒരു മനുഷ്യന്റെ ചിന്തയും പെരുമാറ്റവും നിശ്ചയിക്കപ്പെടുന്നത്. അതിന് ഹേതുവാകുന്നത് അയാളുടെ ജനിതകഘടകങ്ങളും ജീവിതസാഹചര്യവും എല്ലാമാണ്.’ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
സിസേറിയനെക്കുറിച്ച പല അബദ്ധധാരണകളും നിലനിൽക്കുന്ന സമൂഹത്തിൽ ഇത് വളരെ ദോഷകരമായ പ്രതിഫലനങ്ങളുണ്ടാക്കുമെന്നും പ്രസിദ്ധീകരിക്കുന്നതിന് ഗൂഗിൾ ചെയ്ത് പോലും പ്രസ്താവനയുടെ സത്യാവസ്ഥ തിരക്കാതിരുന്നത് തെറ്റാണെന്നും ഡോ.ഷിംന വ്യക്തമാക്കുന്നു.
സിസേറിയനെയും സുഖപ്രസവത്തെയും കുറിച്ച് ഇപ്പോഴും പല തെറ്റായ ധാരണകളും പൊതു സമൂഹത്തിലുണ്ട്.എന്നാൽ ഉന്നത വിദ്യാഭ്യാസം നേടിയവർ പോലും സിസേറിയനെ കുറിച്ച തെറ്റായ ധാരണകൾ വച്ച് പുലർത്തുകയും ആ തെറ്റുകൾ സമൂഹത്തിനായി പങ്കുവെക്കുകയും ചെയ്യുന്നതിലുള്ള അപകടമാണ് നാം തിരിച്ചറിയേണ്ടത്.