കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര്: എം പി സന്തോഷ് കുമാർ ഭരിക്കാൻ അനുവദിക്കുന്നില്ല: കോൺഗ്രസ് വേദിയിൽ പൊട്ടിക്കരഞ്ഞ് കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര്: എം പി സന്തോഷ് കുമാർ ഭരിക്കാൻ അനുവദിക്കുന്നില്ല: കോൺഗ്രസ് വേദിയിൽ പൊട്ടിക്കരഞ്ഞ് കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന

പൊളിറ്റിക്കൽ ഡെസ്ക്

കോട്ടയം: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനെ തുടർന്ന് കോൺഗ്രസ് വേദിയിൽ പൊട്ടിക്കരഞ്ഞ് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന. കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ദിശ 2019 ആണ് നഗരസഭാധ്യക്ഷ പി.ആർ സോന കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എം.പി സന്തോഷ് കുമാറിനെതിരെ പൊട്ടിത്തെറിച്ചത്. വേദിയിൽ പൊട്ടിക്കരഞ്ഞ സോന എംപി സന്തോഷ് കുമാർ ഭരണത്തിൽ ഇടപെടുകയാണെന്നും ആരോപിച്ചു. മുൻ എം ജി സർവകലാശാല വൈസ് ചാൻസലർ സിറിയക് തോമസ് വേദിയിൽ ഇരിക്കെയാണ് പി.ആർ സോന പൊട്ടിക്കരഞ്ഞത്.
ഞായറാഴ്ച കോട്ടയത്ത് നടന്ന പരിപാടിയിലാണ് സോന തന്റെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞത്. നഗരസഭയിൽ താല്കാലിക ജീവനക്കാരെ നിയമിക്കു്തിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നഗരസഭ കൗൺസിൽ യോഗത്തിൽ അതിരൂക്ഷമായ ബഹളം ഉണ്ടായിരുന്നു. യോഗത്തിൽ പങ്കെടുത്ത സി പി എം – ബി ജെ പി കൗൺസിലർമാരുടെ പ്രതിഷേധം ചെയർപേഴ്സണിന്റെ അടുത്ത് എത്തുന്നത് വരെ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സോന തന്റെ മാനസികാവസ്ഥ തുറന്ന് പറഞ്ഞത്.
പ്രതിഷേധം സംഘടിപ്പിച്ച ബി ജെ പി സിപിഎം കൗൺസിലർമാർക്ക് രഹസ്യ പിൻതുണ നൽകിയത് എം പി സന്തോഷ് കുമാറാണെന്നതാണ് പ്രധാന വാദം. ഇവർക്ക് സന്തോഷ് നൽകിയ പിൻതുണ മാത്രമല്ല പല കൗൺസിൽ യോഗത്തിലും പ്രതിപക്ഷത്തെ പോലെയാണ് സന്തോഷ് പെരുമാറുന്നതെന്നും ചെയർപേഴ്സൺ തുറന്ന് പറഞ്ഞു.
കഴിഞ്ഞ ദിവസം താല്കാലിക ജീവനക്കാരെ നിയമിക്കാൻ നടന്ന അഭിമുഖത്തിൽ എംപി സന്തോഷ് കുമാർ നിർദേശിച്ച ആൾക്ക് ജോലി ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇദ്ദേഹം ചെയർപേഴ്സണെതിരെ പ്രതികാര നടപടികളുമായി രംഗത്തിറങ്ങിയതെന്നാണ് ആരോപണം. കൗൺസിൽ യോഗത്തിന് മുൻപ് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ വിഷയം ചർച്ച ചെയ്തെങ്കിലും ആരും എതിരഭ്രിപ്രായം പറഞ്ഞിരുന്നില്ല. ഇതിനിടെയാണ് കൗൺസിൽ യോഗത്തിൽ ബഹളമുണ്ടായതും ചെയർപേഴ്‌സൺ ഒറ്റപ്പെട്ട് പോയതും. ഈ സാഹചര്യത്തിലാണ് സോന തന്റെ വികാരം പ്രകടിപ്പിച്ചത്.
യോഗത്താൽ സംസാരിച്ച സിറിയക് തോമസ് ഈ വിഷയം പരാമർശിക്കുകയും ചെയ്തു. ഇതോടെ സംഭവം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിലും എത്തിയിട്ടുണ്ട.