
മരിച്ച മനുഷ്യന്റെ നാവായി മാറുന്നത് ഫോറന്‍സിക് സര്‍ജന്മാരാണ്, അനുഭവം പങ്കുവെച്ച് ഡോ. പി.ബി. ഗുജ്റാള്‍; ആദ്യം പോസ്റ്റുമോർട്ടം ടേബിളിൽ എത്തിയത് ഗർഭിണി, പിന്നാലെ അവനും; ചെയ്യാത്ത കുറ്റത്തിന് നിരപരാധിയായ മകൻ കുടുങ്ങിയപ്പോൾ സത്യം പുറത്തുകൊണ്ടു വന്നു, കേസുകളിൽ കൊലപാതകിയായ മീനും
മരിച്ച മനുഷ്യന്റെ നാവായി മാറുക എന്നതാണ് ഫോറന്‍സിക് സര്‍ജന്റെ നിയോഗം. തന്റെ മരണകാരണത്തെക്കുറിച്ച് പരേതന്‍ ലോകത്തോട് വിളിച്ചുപറയുക പ്രത്യേകാധികാരങ്ങളുളള ഈ ഭിഷഗ്വരനിലൂടെയാകും. ആ അര്‍ത്ഥത്തില്‍ തന്റെ മുന്നിലെത്തിയ പതിനാറായിരത്തോളം മൃതദേഹങ്ങളോടും നീതി കാട്ടിയെന്ന ചാരിതാര്‍ഥ്യത്തോടെയാണ് ഡോ. പി.ബി. ഗുജ്റാള്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.
കേരളത്തെ ഞെട്ടിച്ച ഒട്ടേറെ കൊലപാതങ്ങള്‍ക്ക് പിന്നിലെ കുറ്റവാളികളിലേക്ക് പോലീസിനെ നയിച്ചതും ഗുജ്റാളിന്റെ കണിശതയാര്‍ന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളായിരുന്നു. സംസ്ഥാനത്തിന് വേണ്ടി ഒരു ആരോഗ്യനിയമസംഹിത തയ്യാറാക്കിയതും അദ്ദേഹമാണ്.
കഴിഞ്ഞ മുപ്പതുവര്‍ഷത്തിലേറെയായി മരണത്തിന്റെ നേര് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ. പി.ബി. ഗുജ്‌റാള്‍. ഗുജ്‌റാളിന് അച്ഛനും അമ്മയും ആദ്യമിട്ട പേര് ജയശീലന്‍ എന്നാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ പേര് മാറ്റണമെന്നായി കൊച്ചുജയശീലന്. അന്ന് ടെലികമ്യൂണിക്കേഷന്‍ മന്ത്രിയാണ് പില്‍ക്കാലത്ത് പ്രധാനമന്ത്രിയായ ഐ.കെ. ഗുജ്‌റാള്‍. അങ്ങനെ മകന് ഗുജ്‌റാള്‍ എന്ന് പേര് കൊടുത്തു അച്ഛന്‍.
ആമയൂര്‍ കൂട്ടക്കൊല, പാലക്കാട് പുത്തൂര്‍ ഷീലവധം, വടക്കാഞ്ചേരി മിനി കൊലക്കേസ് തുടങ്ങിയ കോളിളക്കമുണ്ടാക്കിയ കേസുകളില്‍ പോസ്റ്റ്മോര്‍ട്ടവും ഫൊറന്‍സിക് പരിശോധനയും നടത്തിയത് ഗുജ്റാളാണ്. പതിനാറായിരത്തിലധികം മൃതദേഹങ്ങള്‍ ഗുജ്‌റാളിന്റെ പോസ്റ്റുമോര്‍ട്ടം ടേബിളിലെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് മെഡിക്കോ ലീഗല്‍ കോഡ് (ആരോഗ്യ നിയമ സംഹിത) തയ്യാറാക്കിയതും നടപ്പിലാക്കിയതും ഗുജ്റാള്‍ തന്നെ. പാലക്കാട് ജില്ലാ പോലീസ് സര്‍ജനും ചീഫ് കണ്‍സള്‍ട്ടന്റുമായിരുന്ന ഡോ. ഗുജ്‌റാള്‍ മേയ് 31ന് സര്‍വീസില്‍ നിന്ന് വിരമിച്ചു.
മരിച്ച മനുഷ്യരോടൊപ്പമുള്ള ഈ യാത്ര തുടങ്ങിയത് എങ്ങനെയാണ്..? മരണപ്പെട്ടതിന്റെ ഉത്തരം കണ്ടെത്തലാണ് തന്റെ വഴിയെന്ന് തീരുമാനിക്കുന്ന ഒരു സന്ദര്‍ഭമുണ്ടാവുമല്ലോ. അവിടേക്ക് എങ്ങനെയാണ് എത്തിപ്പെടുന്നത്?
1987-ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഞാന്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയത്. അന്ന് എംബിബിഎസ് കഴിഞ്ഞാല്‍ മിക്കവരും ചെയ്യുന്നത് എവിടെയെങ്കിലും ഒരു ക്ലിനിക് തുടങ്ങുകയാണ്. കുറേപ്പേര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറും.
കുറച്ചുപേര്‍ മാത്രം ഉപരിപഠനത്തിന് പോകും. കാക്കഞ്ചേരിയില്‍ പള്ളിക്കല്‍ ബസാറില്‍ ഒരു ഹോസ്പ്പിറ്റല്‍ വാടകയ്ക്ക് എടുത്ത് ഞാന്‍ പ്രാക്ടീസ് ആരംഭിച്ചു. പത്ത് ബെഡ്ഡുള്ള ഹോസ്പിറ്റലായിരുന്നു അത്. നല്ല തിരക്കുണ്ടായിരുന്നു. ദിനംപ്രതി ഇരുന്നൂറില്‍ ചില്ല്വാനം ഒ.പിയുണ്ട്. വീടുകളിലൊക്കെ പോയി പ്രസവം എടുക്കുമായിരുന്നു.
അന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഡോക്ടറുടെ ശമ്പളം 1550 രൂപയാണ്. അതിന്റെ എത്രയോ ഇരട്ടി എനിക്ക് ഇവിടെ നിന്ന് വരുമാനമുണ്ടായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും എനിക്ക് മതിയായി. ഇങ്ങനെയല്ല ജീവിതം മുന്നോട്ട് പോകേണ്ടതെന്ന തോന്നല്‍ ശക്തമായി. പൈസ എന്ന സാധനത്തില്‍ കുടുങ്ങിക്കഴിഞ്ഞാല്‍ കുറേ പണമുണ്ടാക്കുക എന്നത് മാത്രം ലക്ഷ്യമായിക്കഴിഞ്ഞാല്‍ നമുക്ക് ജീവിതത്തില്‍ ഒരു മാറ്റം വരുത്താന്‍ കഴിയില്ല.
ഇങ്ങനെ ജീവിച്ചുപോകാം. ഞാന്‍ ഹോസ്പിറ്റല്‍ വിട്ടു. എറണാകുളത്തെ സ്വകാര്യ ആശുപത്രയില്‍ ഹൗസ് സര്‍ജനായി. പിന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംഡിയെടുത്തു.
ആ ചെറുപ്പക്കാരന്റെ ദൈന്യമേറിയ മരണവും ആ പോസ്റ്റ്മോര്‍ട്ടവും ആഴ്ചകളോളം എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു. ഒരു മനുഷ്യന്റെ ഏറ്റവും നിസ്സഹായമായ അവസ്ഥ രോഗം മാത്രമല്ലെന്ന് അതോടെ എനിക്ക് മനസ്സിലായി. പിന്നെപ്പിന്നെ സമയം കിട്ടുമ്പോഴൊക്കെ എറണാകുളം ജനറല്‍ ആസ്പത്രിയിലെത്തി പോസ്റ്റ്മോര്‍ട്ടത്തെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി.
പുസ്തകങ്ങള്‍ വായിക്കുന്നു. ഫൊറന്‍സിക് സര്‍ജന്മാരുമായി സംസാരിക്കുന്നു. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം വിഷം കഴിച്ച് മരിച്ച ഒരു പെണ്‍കുട്ടിയുടെ മൃതദേഹവുമായി ആളുകളും പോലീസും എനിക്ക് മുന്നിലെത്തി. ആ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്തത് തനിച്ചായിരുന്നു. അവിടുന്ന് തുടങ്ങുന്നു.
ഒരു ദിവസം ഭാര്യയുടെ വീട്ടിലിരിക്കുമ്പോള്‍ ലാന്‍ഡ് ഫോണിലേക്ക് മറയൂരില്‍ നിന്ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ കോള്‍ വരുന്നു. അവിടെയുള്ള ഒരു വീടിന് മുന്നില്‍ ഒരാള്‍ വിഷം കുടിച്ച് മരിച്ചിരിക്കുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്. ഇപ്പോള്‍ ഞായറായി. മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരും എടുക്കുന്നില്ല. അടിമാലിയില്‍ ചെന്ന് ഡോക്ടര്‍മാരെ വിളിച്ചു. അവരാരും വരുന്നില്ല.
എങ്ങനെയെങ്കിലും വന്ന് പോസ്റ്റുമാര്‍ട്ടം ചെയ്ത് തരണം. മരിച്ചയാളുടെ ഭാര്യ വേറെ ഒരാളുടെ ഒപ്പം പോയി. അയാള്‍ ഭാര്യയുടെ കാമുകന്റെ വീടിന് മുന്നില്‍ ചെന്ന് വിഷം കുടിച്ചു. വീട്ടുകാര്‍ ആരും പുറത്തുവന്നില്ല. ആത്മഹത്യാശ്രമമായതിനാല്‍ കേസ് പേടിച്ച് നാട്ടുകാരും ഇടപെട്ടില്ല. ആരും ആശുപത്രിയില്‍ കൊണ്ടുപോയില്ല. അയാള്‍ അവിടെ കിടന്ന് മരിച്ചു.
സംഭവമറിഞ്ഞ് വെളുപ്പിനുള്ള ബസ്സില്‍ ഞാന്‍ പോയി. പത്ത് മണിക്ക് മുന്നേ ഞാന്‍ തീര്‍ത്തുകൊടുത്തു. അത്രയും നേരം ബോഡി അവിടെ കിടക്കുന്നുണ്ട്. ഇത്രയും വലിയൊരു സേവനമാണല്ലോ ഇതെന്ന് അപ്പോഴാണ് മനസ്സിലാവുന്നത്. അങ്ങനെയാണ് ഞാന്‍ താത്പര്യമെടുക്കുന്നത്.
അക്കാലത്തൊന്നും ഫോറന്‍സിക് മെഡിസിനൊന്നും ആരും എടുക്കില്ല. ഫോറന്‍സിക് എന്ന് കേട്ടാല്‍ ശവം കീറുന്നതിന്റെ എംഡിയെന്ന് പരിഹസിക്കും. അതുകൊണ്ട് ആരും വരില്ല. ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്.
ഒരു മരണത്തില്‍ പൊതുസമൂഹം തീര്‍പ്പുകല്‍പ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായ ഉത്തരത്തിലേക്ക് പലപ്പോഴും ഡോക്ടര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാവും. മരിച്ച ഒരാളുടെ ശരീരം പോസ്റ്റുമാര്‍ട്ടം ടേബിളില്‍ എത്തുമ്പോള്‍ എന്തൊക്കെയാവും ഡോക്ടര്‍ പരിഗണിക്കുക?
അന്തിമപരിശോധന കഴിയുന്നത് വരെ പുറംകേള്‍വികളിലും മുന്‍വിധികളിലും വിശ്വസിക്കരുതെന്നാണ് അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്. അന്തിമപരിശോധനയില്‍ നിന്നേ തീരുമാനത്തിലെത്തിലെത്താറുള്ളൂ. ഏറെ സൂക്ഷ്മതയോടെ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ നമുക്ക് കൃത്യമായ ഉത്തരത്തില്‍ എത്തിച്ചേരാന്‍ കഴിയും.
ആത്മഹത്യയെന്ന് സമൂഹം കരുതിയത് കൊലപാതകമായി മാറും.. കൊലപാതകം കരുതിയത് ആത്മഹത്യയുമാവും. സ്വാഭാവികമായിട്ടുള്ള മരണവും ആവാം. കുറേക്കാലം മുമ്പാണ്, രാവിലെ ഞാന്‍ പത്രത്തില്‍ വായിക്കുകയാണ്. ‘പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു’. പയറ് ഒടിക്കാന്‍ വേണ്ടി പോയപ്പോള്‍ പാമ്പ് കടിയേറ്റുമരിച്ചെന്നാണ് തലക്കെട്ടിന് താഴെ വിവരിച്ചിരിക്കുന്നത്.
രാവിലെ ആശുപത്രിയിലെത്തുമ്പോള്‍ പെണ്‍കുട്ടിയെ മോര്‍ച്ചറിയില്‍ കിടത്തിയിട്ടുണ്ട്. പരിശോധിക്കുമ്പോള്‍ അവള്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്. ആരും അറിയാതെ ഗര്‍ഭം അലസിപ്പിക്കുന്നത് ഇന്നത്തെ പോലെ അന്നത്ര എളുപ്പമല്ല. സയനൈഡ് കഴിച്ചുമരിച്ചെന്നാണ് മനസ്സിലായത്. ഉത്തരവാദി ആയവന്‍ കഴിപ്പിച്ചതാണെന്ന് എനിക്കുറപ്പായി.
നാട്ടിന്‍പുറത്തെ ഒരു സാധാരണപെണ്‍കുട്ടിക്ക് സയനൈഡ് കിട്ടുക അത്ര എളുപ്പമല്ല. ഗര്‍ഭം അലസിപ്പിക്കുക എന്ന് പറഞ്ഞുകൊടുത്തതായിരിക്കണം. പോലീസിനോട് ഞാന്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ അവര്‍ പരിചയക്കാരെയൊക്കെ വിളിച്ചുചോദ്യം ചെയ്യാന്‍ തുടങ്ങി. അപ്പോഴൊക്കെ അവന്‍ മാറിനില്‍ക്കുന്നുണ്ട്.
ചോദ്യം ചെയ്യല്‍ അവനിലേക്കെത്തും മുമ്പ് അവന്‍ മുങ്ങി. പിറ്റേദിവസം പോസ്റ്റുമാര്‍ട്ടം ടേബിളില്‍ അവനും എത്തി. സയനൈഡ് കഴിച്ചുതന്നെയായിരുന്നു മരണം. ഒരിക്കല്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന ഒരാളെ പോസ്റ്റുമാര്‍ട്ടത്തിന് കൊണ്ടുവന്നു. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന് മുന്നിലായുള്ള കുളത്തിന്റെ കരയില്‍ നിന്ന് കണ്ടെത്തിയതാണ്. അസ്വഭാവികമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നും അയാള്‍ കൊല്ലപ്പെട്ടതാണെന്നും നാട്ടുകാര്‍ ഉറപ്പിച്ചിരിക്കുകയാണ്.
പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ അയാളുടെ ചുണ്ടില്‍ നിന്ന് മീനിന്റെ വാല്‍ പുറത്തേക്ക് നില്‍ക്കുന്നത് ഞാന്‍ കണ്ടു.അപ്പോള്‍ തന്നെ സംഭവം ഏകദേശം എനിക്ക് മനസ്സിലായി. ശരീരം കീറിയപ്പോള്‍ തൊണ്ടയ്ക്കുള്ളില്‍ കിടക്കുന്നതാ വലിയൊരു മീന്‍. അയാള്‍ കുളത്തില്‍ രാത്രിയില്‍ മീന്‍ പിടിക്കാനെത്തിയതായിരുന്നു, കൈകൊണ്ടാണ് മീന്‍ പിടുത്തം.
ആദ്യം കിട്ടിയ മീനിനെ കടിച്ചുപിടിച്ച് അടുത്ത മല്‍സ്യത്തെ തപ്പുകയായിരുന്നു. കടിച്ചുപിടിച്ച മീന്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ പല്ലില്‍ നിന്ന് വഴുതി അയാളുടെ ഉള്ളിലോട്ട് പോയിത്തുടങ്ങി. അയാള്‍ വേഗത്തില്‍ മല്‍സ്യത്തെ പുറത്തോട്ട് വലിച്ചു. മീന്‍ തൊണ്ടയില്‍ കുടുങ്ങി. ശ്വാസം കിട്ടാതെ മരണവെപ്രാളത്തില്‍ പിറകോട്ട് ശക്തിയായി വലിച്ചപ്പോള്‍ തൊണ്ടനാളി ആഴത്തില്‍ മുറിഞ്ഞു.
വായിലൂടെയും മൂക്കിലൂടെയും ചോര പുറത്തേക്ക് പടര്‍ന്നു. അയാള്‍ അവിടെത്തന്നെ പിടഞ്ഞുമരിച്ചു. വല്ലാത്തൊരു മരണമാണ്. ഞാന്‍ എസ്.ഐയെയും വാര്‍ഡ് മെമ്പറെയും വിളിച്ചുകാര്യം പറഞ്ഞു. സംഭവം മനസ്സിലായ ശേഷം മെമ്പര്‍ ആശങ്കയോടെ പറയുകയാണ്:
‘സാറേ, ആ മീനെയൊന്ന് പുറത്തുനില്‍ക്കുന്ന നാട്ടുകാരെ കാണിക്കാമോ.. കൊലപാതകമാണെന്ന് വിശ്വസിച്ചിരിക്കുകയാ എല്ലാവരും.. മീനെ കാണിച്ചില്ലെങ്കില്‍ കേസ് അട്ടിമറിച്ചെന്ന് ആരോപണം ഉയരും. എനിക്ക് രാജി വെക്കേണ്ടിയും വരും..’ പാത്രത്തിലിട്ട മത്സ്യത്തെയും എടുത്ത് ഞാന്‍ നാട്ടുകാരെ കാണിച്ചു. മീനാണ് കൊലയാളിയെന്ന് നാട്ടുകാര്‍ അതോടെ തിരിച്ചറിഞ്ഞു.
മറ്റൊരിക്കല്‍ പത്രത്തിലൊരു വാര്‍ത്ത കണ്ടു: ‘മകന്‍ അച്ഛനെ കഴുത്തുമുറുക്കിക്കൊന്നു’. തോര്‍ത്ത് കൊണ്ട് മുറുക്കിക്കൊന്നുവെന്നാണ് എഴുതിയിരിക്കുന്നത്. ഞാന്‍ അയാളെ നോക്കുമ്പോള്‍ കഴുത്തില്‍ തോര്‍ത്ത് കൊണ്ട് മുറുക്കിയതിന്റെ പാടൊന്നുമില്ല.
പോസ്റ്റുമാര്‍ട്ടം ചെയ്തപ്പോള്‍ കുഴഞ്ഞുവീണ് മരിച്ചതാണെന്ന് മനസ്സിലായി. സംഭവിച്ചത് എന്താണെന്ന് വെച്ചാല്‍, മകനും മകന്റെ സുഹൃത്തും കൂടി വഴക്കായി. അച്ഛന്‍ അതുകണ്ട് തടയാന്‍ ചെന്നതാണ്. അയാള്‍ക്ക് കഴുത്തില്‍ തോര്‍ത്ത് ചുറ്റി നടക്കുന്ന സ്വഭാവമുണ്ട്. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ കുഴഞ്ഞുവീണു.
അതോടെ വഴക്കുനിര്‍ത്തി അച്ഛനെ മടിയില്‍ കിടത്തി, കുലുക്കിവിളിച്ചുകൊണ്ട് മകന്‍ തോര്‍ത്ത് മാറ്റാന്‍ തുടങ്ങവെ അവിടേക്ക് ഓടിവന്ന സഹോദരി ഇത് കണ്ടു. സഹോദരന്‍ തോര്‍ത്ത് മുറുക്കിക്കൊന്നുവെന്ന് വിചാരിച്ച് അവള്‍ ബഹളം കൂട്ടി. ആളുകള്‍ ഓടിക്കൂടി.
അങ്ങനെ് ചെയ്യാത്ത കുറ്റത്തിന് മകന്‍ പ്രതിയായി. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ അവന്‍ രക്ഷപ്പെട്ടു. അങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
മെഡിക്കോലീഗല്‍ കേസുകളില്‍ പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടര്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടികള്‍ എന്തൊക്കെയാണ്? അതിന് എന്തെങ്കിലും പരിഹാരം കണ്ടെത്തിയിട്ടുണ്ടോ?
മുമ്പൊക്കെ മിക്കവാറും മെഡിക്കോലീഗല്‍ കേസുകളിലും പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്ത ഡോക്ടര്‍ കോടതിയില്‍ പോകേണ്ടിവരുമായിരുന്നു. പ്രതിയുടെ സാന്നിദ്ധ്യത്തില്‍ ഡോക്ടര്‍ മൊഴി രേഖപ്പെടുത്തണം. ഫോറന്‍സിക് സര്‍ജനെന്ന നിലയില്‍ ഏറ്റവും സംതൃപ്തി കിട്ടുന്നത് പോസ്റ്റുമാര്‍ട്ടത്തിലെ കണ്ടെത്തലും നിഗമനങ്ങളും കോടതിയില്‍ വിജയകരമായി അവതരിപ്പിക്കുമ്പോഴാണ്.
മരിച്ച മനുഷ്യന്റെ നാവാകേണ്ടത് യഥാര്‍ത്ഥത്തില്‍ കോടതിയിലാണ്. ഡോക്ടര്‍മാരെ എല്ലാ കേസിലും വിളിക്കാന്‍ പാടില്ലെന്ന് 1989-ല്‍ പരമാനന്ദ് കട്ടാരകേസില്‍ സുപ്രീംകോടതിയില്‍ നിന്ന് നിര്‍ദ്ദേശമുണ്ട്. പലപ്പോഴും സംഭവിക്കുന്നതെന്താണെന്ന് വെച്ചാല്‍ ഇടയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് കോടതിയില്‍ പോകേണ്ടി വരും. പരിശോധിച്ചതും പോസ്റ്റുമാര്‍ട്ടം ചെയ്തതും കാസര്‍ഗോഡും ഡോക്ടര്‍ തിരുവനന്തപുരത്തുമാണെങ്കില്‍ മൊഴി നല്‍കാന്‍ കാസര്‍ഗോഡ് വരെ പോകേണ്ടിവരും.
ഡോക്ടര്‍ ആശുപത്രിയിലെ ഏകസെപ്ഷലിസ്റ്റോ ഹെല്‍ത്ത് സെന്ററിലെ ഏകഡോക്ടറോ ആണെങ്കില്‍ ആ ദിവസങ്ങളിലെ ചികില്‍സ മുടങ്ങും. ചിലപ്പോള്‍ തലേദിവസമാകും പോലീസുദ്യോഗസ്ഥര്‍ വിളിച്ചുപറയുക. അതോടെ പിറ്റേദിവസം നടത്തേണ്ട ശസ്ത്രക്രിയകള്‍ വരെ മുടങ്ങിയതായി കേട്ടിട്ടുണ്ട്.
ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ തര്‍ക്കമുണ്ടെങ്കിലേ ഡോക്ടറെ വിളിക്കാന്‍ പാടുള്ളൂ എന്നാവശ്യപ്പെട്ട് ഞാന്‍ നിരവധി അപേക്ഷകള്‍ നല്‍കി. ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള സമിതി സംഘടനകളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചപ്പോള്‍ കേരളാ മെഡിക്കോ ലീഗല്‍ സൊസൈറ്റി പ്രസിഡണ്ടെന്ന നിലയില്‍ ഞാന്‍ നിവേദനം നല്‍കി.
ആ സമയത്ത് രാജ്യസഭയില്‍ ശ്രേയാംസ്‌കുമാര്‍ എം.പി ഒരു ചോദ്യം ചോദിച്ചു. ‘ഡോക്ടര്‍മാരെ പലപ്പോഴും കോടതിയിലേക്ക് വിളിക്കപ്പെടുന്നത് കൊണ്ട് ആവശ്യത്തിന് രോഗികള്‍ക്ക് ചികില്‍സ നിഷേധിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ട്. ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ പോരെ’യെന്ന്. കേന്ദ്രഗവണ്‍മെന്റ് ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്ന സമയമായത് കൊണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. ഡോക്ടര്‍മാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കാന്‍ കേരള ഹൈക്കോടതി അടുത്ത കാലത്ത് ഉത്തരവ് നല്‍കിയിട്ടുണ്ട്.