എല്ലാ ടെസ്റ്റുകളും നെഗറ്റീവ്; എക്സ്റേയില്‍ ന്യുമോണിയയും കണ്ടില്ല; ഒടുവിൽ ഡോക്ടര്‍ ജ്യോതികുമാറിന്റെ സംശയം നിപ സ്ഥിരീകരണത്തിലേക്ക്…..!
സ്വന്തം ലേഖിക
കോഴിക്കോട്: സെപ്റ്റംബര്‍ 11-ന് തിങ്കളാഴ്ച രാവിലെയാണ് മംഗലാട് സ്വദേശി ഹാരിസ് പനിയും ക്ഷീണവുമായി വടകര സഹകരണ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. പി. ജ്യോതികുമാറിന്റെ വീട്ടിലെത്തിയത്.
അതിന് മുൻപ് ആയഞ്ചേരിയിലേയും വില്യാപ്പള്ളിയിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കോഴിക്കോട് ഇഖ്റ ആശുപത്രിയിലും വടകര ജില്ലാ ആശുപത്രിയിലുമെല്ലാം ഹാരിസ് പോയിരുന്നു. എന്നാല്‍ അസുഖം ഭേദമാകത്തിനെ തുടര്‍ന്നാണ് ഡോക്ടര്‍ ജ്യോതികുമാറിന്റെ വീട്ടിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ ആശുപത്രികളില്‍ കാണിച്ചതിന്റെ വിവരങ്ങളെല്ലാം ഹാരിസ് ഡോക്ടറോട് പറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹത്തെ രക്തപരിശോധനയ്ക്കും മറ്റുമായി വടകര സഹകരണ ആശുപത്രിയിലേക്ക് ഡോക്ടര്‍ പറഞ്ഞയച്ചു.
ഡെങ്കി, എലിപ്പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടോ എന്ന് പരിശോധിച്ചെങ്കിലും എല്ലാം നെഗറ്റീവ് ആയിരുന്നു. എക്സ്റേയില്‍ ന്യുമോണിയയും കണ്ടില്ല. ഇതോടെ ഡോക്ടര്‍ ജ്യോതികുമാറിന് സംശയമായി.
ഉടൻ മിംസ് ആശുപത്രിയിലെ ഡോക്ടര്‍ അനൂപിനെ വിളിച്ച് തിരിച്ചറിയാൻ സാധിക്കാത്ത പനിക്കേസുമായി ഒരാള്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഇതിനിടെ രോഗിയില്‍ ഓക്സിജന്റെ അളവ് കുറഞ്ഞു. വൈകീട്ട് മൂന്നുമണിയോടെ ഹാരിസിനെ മിംസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
അവിടെയെത്തി കുറച്ചുസമയത്തിനകം തന്നെ മരിച്ചു. ഇതോടെയാണ് നിപ സംശയം ഉയര്‍ന്നത്. ഡോ. അനൂപ് രാത്രി ജ്യോതികുമാറിനെ വിളിച്ച് ഈ സംശയം പങ്കുവെച്ചു. ഉടൻതന്നെ താൻ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചതായി ഡോ. ജ്യോതികുമാര്‍ പറയുന്നു.