മെഡി. കോളജ് അന്വേഷണം: മറച്ചുവെച്ച റിപ്പോർട്ട് പുറത്ത്‌; ഡോ.ഹാരിസ് ഉന്നയിച്ച പ്രശ്നങ്ങളോടു യോജിച്ച് നാല് വകുപ്പു മേധാവികൾ; ഉപകരണങ്ങൾ വാങ്ങുന്ന രീതി തെറ്റാണെന്നും സമയത്തിന് ലഭിക്കാറില്ലെന്നും മൊഴി

Spread the love

തിരുവനന്തപുരം ∙ സർക്കാരിന്റെ ഉപകരണം വാങ്ങൽ സംവിധാനം ശരിയല്ലെന്നും പലപ്പോഴും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ സമയത്തിനു ലഭിക്കുന്നില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലെ 4 വകുപ്പു മേധാവികളുടെ മൊഴി.

യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്നു അന്വേഷണം നടത്തിയ നാലംഗ സമിതിയോടായിരുന്നു ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.

‌നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്ട്രോ, ന്യൂറോസർജറി വകുപ്പുമേധാവികളാണ് ഡോ.സി.എച്ച്.ഹാരിസ് ഉന്നയിച്ച പ്രശ്നത്തോടു യോജിച്ചത്. ഉപകരണങ്ങൾ തകരാറിലാകുന്നതു കാരണം ഇടയ്ക്കിടെ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വരാറുണ്ടെന്ന് ഇവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂറോളജി വിഭാഗം രണ്ടാം യൂണിറ്റിലെ ഡോക്ടറും ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി.
എന്നാൽ, ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ലിത്തോക്ലാസ്റ്റ് പ്രോബ് കേടായാൽ പകരം മറ്റൊരു ഉപകരണം താൻ കരുതിവച്ചിട്ടുണ്ടെന്നും അതിനാൽ ശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി. ഈ ഉപകരണം ഉപയോഗിക്കാമായിരുന്നില്ലേ എന്ന് അന്വേഷണസമിതി ആരാഞ്ഞപ്പോൾ അതു മറ്റൊരു യൂണിറ്റിലായതിനാൽ അതെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നു ഡോ.ഹാരിസ് മറുപടി നൽകി.