
മലപ്പുറം: വേങ്ങരയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂര മർദനമെന്ന് പരാതി. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചിരുന്നതായി യുവതി പറയുന്നു.
സ്ത്രീധനത്തിന്റെ പേരിലും പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലുമായിരുന്നു മർദനം. മെയ് രണ്ടിനായിരുന്നു യുവതിയും ഫായിസും തമ്മിലുള്ള വിവാഹം.
ഉപദ്രവം കൂടിയതോടെ മെയ് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി 23ന് മലപ്പുറം വനിത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയിൽ ഭർത്താവ് മുഹമ്മദ് ഫായിസ്, മുഹമ്മദിന്റെ മതാപിതാക്കളായ സീനത്ത്, സെയ്തലവി എന്നിവരെയും പ്രതി ചേർത്ത് കേസെടുത്ത് കേസ് വേങ്ങര പോലീസിന് കൈമാറിയെങ്കിൽ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ലെന്ന് യുവതി പറയുന്നു.
വിവാഹസമ്മാനമായി നൽകിയ 50 പവർ സ്വർണം കുറഞ്ഞു പോയെന്നും 25 പവൻ അധികമായി വേണമെന്നും പറഞ്ഞായിരുന്നു മർദ്ദനം. മർദ്ദന വിവരം പുറത്തു പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും യുവതിയെ ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നു.
മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്‍റെ വയര്‍ ഉപയോഗിച്ചും തലയണകൊണ്ട് ശ്വാസം മുട്ടിച്ചും കൊല്ലാൻ ശ്രമം നടത്തിയിരുന്നതായും പരാതിയിൽ പറയുന്നു. മർദനത്തിൽ യുവതിയുടെ നട്ടെല്ലിനു ക്ഷതമേറ്റിട്ടുണ്ട്. അടിവയറ്റിലും മർദ്ദനമേറ്റു.
പരുക്കേറ്റപ്പോൾ ഭര്‍തൃവീട്ടുകാര്‍ നാലു തവണ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചതിന്റെ രേഖകളടക്കം ഹാജരാക്കിയിട്ടും നടപടിയെടുക്കാനോ പ്രതികളെ പിടികൂടാനോ പോലീസ് തയ്യാറായിട്ടില്ലെന്ന് യുവതി പറയുന്നു.
ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നൽകിയിരുന്നു. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു. മലപ്പുറം വനിത പോലീസിൽ നൽകിയ പരാതിയിൽ വധശ്രമമുൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തിയിരുന്നില്ല.
ഇതിനിടെ മുഹമ്മദ് ഫായിസിന്റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി സെക്ഷൻസ് കോടതി തള്ളിയിരുന്നു. പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികൾക്കെതിയെ യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കുടുംബം.