സ്ത്രീധന പീഡനത്തിന്റെ പേരിൽ ആറുവര്‍ഷത്തിനിടെ ജീവനൊടുക്കിയത് 80 യുവതികള്‍ ; സ്ത്രീധന പീഡനം സഹിക്കാതെ വിവാഹബന്ധം വേര്‍പെടുത്തുന്നവരുടെ എണ്ണത്തിലും വർദ്ധന ; 28കുടുംബ കോടതികളിലായി ഒന്നേകാല്‍ ലക്ഷം കേസുകൾ ; സ്ത്രീധന ആര്‍ത്തിയുടെ പേരിൽ ജീവൻ പൊലിക്കേണ്ടിവന്ന സ്ത്രീകളിൽ ഏറെയും നമ്മുടെ കൊച്ചു കേരളത്തിൽ ; ഡോ.ഷഹനയാണ് സ്ത്രീധന വിപത്തിന്റെ ഒടുവിലത്തെ ഇര…

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അര്‍ച്ചന, സുചിത്ര… പേരുകള്‍ മാത്രമാണ് മാറുന്നത്. സ്ത്രീധന ആര്‍ത്തിയുടെ ഇരകളാണ് ഇവരെല്ലാം. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കൊള്ളപ്പലിശയ്ക്ക് കടമെടുത്തും മകള്‍ക്ക് എടുത്താല്‍ പൊങ്ങാത്ത സ്ത്രീധനം കൊടുത്ത് കെട്ടിച്ചയച്ച്‌ കടക്കെണിയിലായ കുടുംബങ്ങള്‍ ലക്ഷക്കണക്കിനുണ്ടാവും. കൊട്ടക്കണക്കിന് സ്ത്രീധനം കൊടുക്കാനില്ലാത്തതിനാല്‍ തന്റെ സ്നേഹം നിരാകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനിയായ ഡോ.ഷഹനയാണ് സ്ത്രീധന വിപത്തിന്റെ ഒടുവിലത്തെ ഇര.

സ്ത്രീധനം ആവശ്യപ്പെട്ടാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, 1961ല്‍ പാര്‍ലമെന്റ് പാസാക്കിയ ശക്തമായ നിയമമുള്ളപ്പോഴാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ദാരുണ മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറുവര്‍ഷത്തിനിടെ ജീവനൊടുക്കിയത് 80 യുവതികള്‍

ആറുവര്‍ഷത്തിനിടെ 80 യുവതികളാണ് സ്ത്രീധന പീഡനം സഹിക്കാതെ ജീവനൊടുക്കിയത്. 15വര്‍ഷത്തിനിടെ 247ജീവനുകള്‍ പൊലിഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തുന്ന കിരാത സംഭവങ്ങളും കേരളത്തിലുണ്ടാവുന്നു.

സ്ത്രീധന നിരോധന നിയമം 1961മുതല്‍ നിലവിലുണ്ട്. വരന് സ്വര്‍ണവും പണവും കൂടുതല്‍ നല്‍കി സമൂഹത്തില്‍ കുടുംബമഹിമ കാട്ടാൻ പെണ്‍മക്കളുടെ മാതാപിതാക്കള്‍ മത്സരിച്ചതോടെ നിയമം കടലാസില്‍ ഒതുങ്ങി. നൂറു പവനും മൂന്നരയേക്കര്‍ ഭൂമിയും കാറും പത്തുലക്ഷം രൂപയും വീട്ടുചെലവിന് മാസംതോറും 8000 രൂപയും നല്‍കിയിട്ടും സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നത്.

രണ്ടുലക്ഷം സ്ത്രീധനം വൈകിയതിനാണ് കൊല്ലത്ത് ഓയൂരില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭര്‍ത്താവ് പട്ടിണിക്കിട്ടുകൊന്നത്. പഞ്ചസാരവെള്ളവും കുതിര്‍ത്ത അരിയും നല്‍കി മുറിയില്‍ പൂട്ടിയിടപ്പെട്ട തുഷാര, മരിക്കുമ്പോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയിരുന്നു. 20കിലോയായിരുന്നു ഭാരം.

സ്ത്രീധന പീഡനം ക്രിമിനല്‍ കുറ്റകൃത്യമാണ്. പരാതികിട്ടിയാല്‍ പ്രാഥമികപരിശോധനയ്ക്കുശേഷം ജാമ്യമില്ലാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യണം. പൊന്നും പണവും നല്‍കുന്നത് മാത്രമല്ല, വിവാഹചെലവിന് നല്‍കുന്ന തുകപോലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്.

മുസ്ലിം വിവാഹങ്ങളിലെ മഹര്‍ സ്ത്രീധനപരിധിയില്‍ വരില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവാഹിതരാവുമ്പോള്‍ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കണം. അല്ലാത്തവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്. സ്ത്രീധന പീഡനം സഹിക്കാതെ വിവാഹബന്ധം വേര്‍പെടുത്തുന്നതും ഉയരുകയാണ്. 28കുടുംബ കോടതികളിലായി ഒന്നേകാല്‍ ലക്ഷം കേസുകളാണുള്ളത്.

രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് പോലും രക്ഷയില്ലെന്നാണ് സ്ഥിതി. ഭരണകക്ഷിയില്‍പെട്ട കൊല്ലത്തെ മുൻ എം.എല്‍.എയുടെ മകള്‍ക്കു പോലും സ്ത്രീധന പീഡനം നേരിടേണ്ടിവന്നു. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍ത്തൃമാതാവും അടക്കമുള്ളവര്‍ തന്നെ പീഡിപ്പിക്കുന്നതായി ആരോപിച്ച്‌ ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. വിവാഹസമയത്ത് നല്‍കിയ 500 പവൻ വിറ്റുതുലയ്ക്കുകയും മൂന്നുകോടി രൂപ സ്ത്രീധനമായി വാങ്ങിയെടുക്കുകയും ചെയ്തിട്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്നായിരുന്നു യുവതിയുടെ പരാതി.

പരാതിക്കാരിക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടായിട്ടും അന്വേഷണത്തില്‍ പൊലീസ് ഉഴപ്പി. പിന്നീട് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും സഹോദരനുമെതിരെ മാര്‍ച്ചില്‍ കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഒടുവില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടുകയോ ഡി.ഐ.ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയോ വേണമെന്ന് അവര്‍ക്ക് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കേണ്ടി വന്നു.

സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്ക, തീകൊളുത്തി മരിച്ച വെങ്ങാനൂരിലെ അര്‍ച്ചന, ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ച ആലപ്പുഴയിലെ 19കാരി സുചിത്ര. സ്ത്രീധന ദുരാചരത്തില്‍ പൊലിഞ്ഞുവീഴുന്നവരുടെ പട്ടിക നീളുകയാണ്. മകളുടെ സുരക്ഷിതമായ ഭാവിയെ ഓ‌ര്‍ത്ത് ആവശ്യപ്പെടുന്നത്ര സ്വര്‍ണവും പണവും വസ്തുവും ആഡംബര കാറും നല്‍കി കെട്ടിച്ചയച്ച നിരവധി പെണ്‍കുട്ടികളാണ് അത്യാര്‍ത്തിക്കാരുടെ ദുരാഗ്രഹത്തിന് ഇരകളായി ജീവനൊടുക്കിയത്.

കേസുകള്‍ കൂടുതല്‍ തിരുവനന്തപുരത്ത്

ഒരു പതിറ്റാണ്ടിനിടെ, കമ്മിഷനില്‍ ഏറ്റവുമധികം സ്ത്രീധനപീഡനക്കേസുകളുണ്ടായത് തിരുവനന്തപുരത്താണ്. 11വര്‍ഷത്തിനിടെ 447കേസുകള്‍. ഇതില്‍ 330ഉം തീര്‍പ്പാക്കി. ഗാര്‍ഹികപീഡനവും സ്ത്രീപീഡനവും കൂടുതലുള്ളതും ഇവിടെയാണ്. കാസര്‍കോട്ടാണ് സ്ത്രീധനപീഡനം കുറവ്. സ്ത്രീപീഡനക്കേസുകള്‍ കുറവ് വയനാട്ടിലും- 11വര്‍ഷത്തിനിടെ 126കേസുകള്‍ മാത്രം. വനിതാകമ്മിഷനില്‍ ലഭിച്ച പരാതികള്‍ തുലോം കുറവാണെന്ന് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2016മുതല്‍ 2020വരെ 15,143 സ്ത്രീധനപീഡനക്കേസുകളാണ് പൊലീസ് രജിസ്റ്റര്‍ചെയ്തത്. സ്ത്രീധനപീഡനം കാരണം 66മരണങ്ങളുമുണ്ടായി. മാതാപിതാക്കളുടെ സ്വത്തില്‍ പെണ്‍കുട്ടിക്കും തുല്യാവകാശമുണ്ടാകണം. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു നിയമം രാജ്യത്തില്ല. മാതാപിതാക്കള്‍ ഇഷ്ടമുള്ളവര്‍ക്ക് സ്വത്ത് കൊടുക്കാമെന്ന നിലവിലെ സ്ഥിതി ഇല്ലാതായാലേ സ്ത്രീധനം ഇല്ലാതാക്കാനാവൂ എന്ന് നിയമവിദഗദ്ധര്‍ പറയുന്നത്.